നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള; ലക്ഷങ്ങൾ വിലമതിക്കുന്ന 23 തേക്ക്-ഈട്ടി മരങ്ങൾ മുറിച്ചുമാറ്റി; ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമറിയാതെ വനംവകുപ്പ്..!

നിലമ്പൂർ വനമേഖലയിലെ കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട മുത്തപ്പൻകുന്നിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വിലകൂടിയ മരങ്ങൾ വെട്ടിക്കടത്തി. ഏഴര ഏക്കറോളം വരുന്ന നിക്ഷിപ്ത വനഭൂമിയിൽ നിന്നാണ് തേക്ക്, വീട്ടി (ഈട്ടി) ഉൾപ്പെടെയുള്ള 23 കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റിയത്.

​കവളപ്പാറ മണ്ണിടിച്ചിൽ മേഖലയോട് ചേർന്നു കിടക്കുന്ന മുത്തപ്പൻകുന്നിൽ ഏകദേശം രണ്ടാഴ്ച മുമ്പാണ് വൻ മരംകൊള്ള നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. വാഹനങ്ങൾക്ക് പോലും എത്തിപ്പെടാൻ ഏറെ പ്രയാസമുള്ള ദുർഘടമായ വനപ്രദേശത്ത് മണിക്കൂറുകളെടുത്ത് മരങ്ങൾ മുറിച്ചിട്ട് ട്രാക്ടറുകളിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നു.

ഇത്രയും വലിയ മരംകൊള്ള നടന്നിട്ടും ദിവസങ്ങൾ കഴിഞ്ഞാണ് വനംവകുപ്പ് അധികൃതർ വിവരമറിയുന്നത് എന്ന ആരോപണം ശക്തമായിട്ടുണ്ട്. ​പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് വനത്തിനുള്ളിൽ മരങ്ങൾ മുറിച്ചു മാറ്റിയതായി കണ്ടെത്തിയത്.

എന്നാൽ മരം കടത്തിയത് ആരാണെന്നോ എങ്ങോട്ടേക്കാണ് കൊണ്ടുപോയതെന്നോ സംബന്ധിച്ച് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. സംഭവം നടന്ന് രണ്ടാഴ്ചയോളം കഴിഞ്ഞതിനാൽ പ്രതികളെ പിടികൂടുന്നതും കടത്തിയ മരങ്ങൾ വീണ്ടെടുക്കുന്നതും വനംവകുപ്പിന് വലിയ വെല്ലുവിളിയാകും.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ചയോ മറ്റ് ഒത്താശകളോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും വനംവകുപ്പ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *