ബംഗളൂരു: റോക്കിംഗ് സ്റ്റാർ യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ന്റെ ഗ്രാൻഡ് ട്രെയിലർ ലോഞ്ച് ബെംഗളൂരുവിൽ നടന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്ന് കൃത്യം രണ്ട് വർഷം പൂർത്തിയാകുന്ന വേളയിലാണ് പ്രേക്ഷകരിൽ വലിയ പ്രതീക്ഷകൾ ഉണർത്തി ട്രെയിലർ പുറത്തിറക്കിയത്. വമ്പൻ താരനിരയും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ഗംഭീര ദൃശ്യവിരുന്നും വാഗ്ദാനം ചെയ്യുന്ന ട്രെയിലർ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിലടക്കം ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്.ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. കർണാടകയിൽ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള റെക്കോർഡ് സ്ക്രീനുകളിലും ഷോകളിലുമാണ് ‘ടോക്സിക്’ റിലീസിനായി ഒരുങ്ങുന്നത്.ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ വെങ്കട്ട് കെ. നാരായണയും യഷും ചേർന്നാണ് നിർമ്മിക്കുന്നത്.ചിത്രത്തിന്റെ കർണാടകയിലെ വിതരണവും ഇവർ തന്നെയാണ് നിർവഹിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ച ‘ടോക്സിക്’ കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ പ്രമുഖ താരനിരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ യഷ് തിയറ്ററുകളിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ടോക്സിക്’.
ആവേശം വിതറി ‘ടോക്സിക്’ ട്രെയിലർ; ബെംഗളൂരുവിൽ വമ്പൻ ലോഞ്ച്ബെം
