കെ.ബി. കുഞ്ഞാമ്മു ഹാജിക്ക് സ്വീകരണം നൽകി

മുസ്ലിം ലീഗ് കാസർഗോഡ് മണ്ഡലം ട്രഷറർ കെ.ബി. കുഞ്ഞാമ്മു ഹാജിക്ക് ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.

ദോഹ: ഹ്രസ്വ സന്ദർശനാർഥം ഖത്തറിലെത്തിയ മുസ്ലിം ലീഗ് കാസർഗോഡ് മണ്ഡലം ട്രഷററും എരിയാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായ കെ.ബി. കുഞ്ഞാമ്മു ഹാജിക്ക് ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽ സദ്ദിലെ അൽ നദാ കോംപ്ലക്സിൽ സ്വീകരണം നൽകി.

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ആസാദ് നഗർ അധ്യക്ഷത വഹിച്ചു. കാസർഗോഡ് ജില്ലയിലെ മത, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ കെ.ബി. കുഞ്ഞാമ്മു ഹാജി കാഴ്ചവെച്ച സേവനങ്ങളെയും നേതൃത്വപാടവത്തെയും ചടങ്ങിൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകാപരമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ കെ.ബി. കുഞ്ഞാമ്മു ഹാജിക്ക് സമർപ്പിച്ചു.

സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിച്ച കെ.ബി. കുഞ്ഞാമ്മു ഹാജി, ഖത്തർ കെ.എം.സി.സി നടത്തുന്ന സംഘടനാപരവും സാമൂഹികവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിന് വലിയ ആത്മവിശ്വാസവും കരുത്തുമാണെന്ന് പറഞ്ഞു. നാടിനോടും സമൂഹത്തോടും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ ഭാരവാഹികളുടെയും പ്രവർത്തകരുടെയും സേവനം ഏറെ അഭിനന്ദനാർഹമാണെന്നും, പ്രത്യേകിച്ച് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രവാസികൾക്കിടയിൽ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും നാടിന്റെ മത, വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ ഖത്തർ കെ.എം.സി.സി പ്രവർത്തകർ നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും, ഈ സേവന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ചടങ്ങിൽ റഹീം ചൗകി, കെബി റഫീഖ്, റോസ്ദ്ദിൻ, സിദ്ദിഖ് പടിഞ്ഞാർ, ഹമീദ് കൊടിയമ്മ, മാഹിൻ ബ്ലാർകോഡ്, ജുനൈദ്,നസിർ ആസാദ് നഗർ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *