മേളവിസ്മയമൊരുക്കി ടാക്ക് ഖത്തർ:മേളപ്രപഞ്ചം 2026 – സീസൺ 2 ഖത്തറിൽ മിനി പൂരമായി മാറി

ദോഹ (ഖത്തർ): കേരളത്തിന്റെ തനതായ വാദ്യകലയുടെ മഹിമ ഉയർത്തിക്കാട്ടുന്ന, ടാക്ക് ഖത്തർ ‘മേളപ്രപഞ്ചം 2026 – സീസൺ 2’, ഖത്തറിലെ ഭവൻസ് പബ്ലിക് സ്കൂൾ സെമിനാർ ഹാളിൽ മേളപ്പെരുമയോടെ അരങ്ങേറി.

ഭവൻസ് സ്കൂൾ ഹാളിലെ നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ, കഴിഞ്ഞ ഒരു വർഷക്കാലം ചെണ്ട അഭ്യസിച്ച പുതിയ വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റത്തോടൊപ്പം കഴിഞ്ഞ വർഷം അരങ്ങേറ്റം കഴിഞ്ഞ ബാച്ചിന്റെ പതികാലം പ്രകടനവും ചേർന്നത് സായാഹ്നം അതിമനോഹരമാക്കി. അവരുടെ അച്ചടക്കവും ഊർജസ്വലതയും കലാപാടവവും ചേരുന്ന അവതരണം ചെണ്ടമേള ആസ്വാദകർക്ക് മറക്കാനാവാത്ത അനുഭവമായി. പരിപാടിയുടെ സമാപനമായി കനൽ ഖത്തർ ടീമും ടാക്ക് വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച കലാ ശക്കൊട്ട് സദസ്സിനെ ആവേശഭരിതമാക്കി.

ടാക്ക് ഖത്തർ മാനേജിംഗ് ഡയറക്ടർ പി. മൊഹ്സിൻ അധ്യക്ഷത വഹിച്ച ഔദ്യോഗിക പരിപാടി ഭവൻസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ശാന്തി വി. എസ്. ഉദ്ഘാടനം ചെയ്തു. പുതുതലമുറക്കായി തനത് കലാരൂപങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ടാക്ക് ഖത്തറിന്റെ പ്രവർത്തനങ്ങളെ അവർ അഭിനന്ദിച്ചു.

ചടങ്ങിൽ തൃശ്ശൂർ ജില്ലാ സൗഹൃദവേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് ആശംസാപ്രസംഗം നടത്തി. മികവുറ്റ രീതിയിൽ പരിശീലനം നൽകുന്ന അധ്യാപകരെയും ആത്മാർത്ഥതയോടെ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെയും അദ്ദേഹം പ്രശംസിച്ചു.
ഔപചാരിക ചടങ്ങിന് ടാക്ക് ഡയറക്ടർ സി. ജയാനന്ദൻ സ്വാഗതം ആശംസിച്ചു. ടാക്ക് ഡയറക്ടർ ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

ചെണ്ടമേളം ക്ലാസ്സുകളുടെ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും ടാക്ക് ഖത്തർ അറിയിച്ചു. കേരളത്തിന്റെ ഈ സമ്പന്നമായ പൈതൃകകല കൂടുതൽ പേർക്ക് പഠിക്കാനും അനുഭവിക്കാനും അവസരം ഒരുക്കുകയാണ് ടാക്ക് ഖത്തർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *