പറവൂർ: എൽഡിഎഫ് സ്ഥാനാർത്ഥി ഇ ടി ടൈസൺ മാസ്റ്ററുടെ വിജയം പറവൂരിൽ ഉറപ്പാണെന്ന ആത്മവിശ്വാസമാണ് മണ്ഡലത്തിലെങ്ങും. വികസന പ്രശ്നങ്ങളാണ് പ്രധാന ചർച്ച.ബുധനാഴ്ചയിലെ പര്യടനം അണ്ടിശ്ശേരി ക്ഷേത്ര പരിസരത്ത് സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിഥിൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തി. പറവൂർ മാർക്കറ്റിലെ സ്വീകരണ കേന്ദ്രത്തിലെത്തുമ്പോൾ മാർക്കറ്റിൻ്റെ ശോചനീയാവസ്ഥ എണ്ണി എണ്ണിപ്പറഞ്ഞ് വ്യാപാരികളും തൊഴിലാളികളും. പ്രാഥമിക സൗകര്യങ്ങൾക്ക് പോലും ഇടമൊരുക്കാൻ എംഎൽഎക്കൊ നഗരസഭക്കോ കഴിയുന്നില്ല. വിജയിച്ചാൽ മാർക്കറ്റിൻ്റെ പ്രൗഢി നിലനിർത്തി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും.വോട്ട് അഭ്യർത്ഥിച്ച ശേഷം മാഷിൻ്റെ മറുപടി.തുരുത്തുമ്മൽ, മുനിസിപ്പൽ കവല, കെഎംകെ കവല, ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കുറ്റിച്ചിറപ്പാടം കവലയിലേക്ക്.സ്ഥാനാർത്ഥി വരുന്നുണ്ടെന്ന അറിയിപ്പ് മുഴങ്ങിയതോടെ കൈയ്യിലുള്ള ഉപഹാരങ്ങളുമായി അവർ സ്വീകരിക്കാൻ തയ്യാറെടുത്തു. വികസനം തുടരാൻ എൽഡിഎഫ് വീണ്ടും വരണമെന്നും അതിനായി വോട്ട് ചെയ്യണമെന്നും അഭ്യർത്ഥിച്ചു. ചേന്ദമംഗലം പാലത്തിന് സമീപത്തും സ്വീകരണം എറ്റുവാങ്ങി. പറവൂത്തറ കോളേജ് പരിസരത്ത് സ്ഥാനാർത്ഥി എത്തിയതോടെ സ്വീകരിക്കാനെത്തിയവർ കൈയ്യിൽ കരുതിയിരുന്ന തലപ്പാവ് അണിയിച്ചു.വികസനമെത്താത്ത പറവൂരിന് ഇനി ടൈസൺ മാസ്റ്റർ മതിയെന്ന് നാടൊന്നാക്കെ പറയുകയാണ്. വോട്ട് ചെയ്യണമെന്ന അഭ്യർത്ഥനയോടെ മറുപടി പ്രസംഗം.വെടിമറയിൽ എത്തക്കുല നൽകിയാണ് ജനനായകനെ വരവേറ്റത്. പള്ളിത്താഴം, സി മാധവൻ റോഡ് എന്നിവിടങ്ങളിലും ലഭിച്ചത് ആവേശം നിറഞ്ഞ സ്വീകരണങ്ങൾ. ചെത്യാട്ടുകുടിയിലെത്തുമ്പോൾ നുണേശ ചരിതം കഥ പറഞ്ഞ് തൊമ്മൻ ചാക്യാർ ആടിത്തകർക്കുകയാണ്. 25 വർഷം ‘താൻ എന്തോ ചെയ്തെന്ന’ ചാക്യാരുടെ ചോദ്യത്തിന് ‘വാഗ്ദാനം മുറക്ക്’ നൽകി എന്ന മറുപടി പ്രദേശമാകെ ചിരി പടർത്തി. പൂക്കളും ഉപഹാരങ്ങളുമായി തകർപ്പൻ സ്വീകരണം. വാണിയക്കാട് പിന്നിട്ട് കിഴക്കേപ്രത്തെത്തുമ്പോൾ യുവജനങ്ങളുടേയും സ്ത്രീകളുടേയും വൻനിര. നാടിൻ്റെ നായകനായ ടൈസൺ മാസ്റ്റർ എത്തിയതോടെ ആവേശം നിറഞ്ഞ മുദ്രവാക്യം വിളികൾ. നാടിന് വികസനം വേണം അതിനാണ് ഞാൻ വോട്ട് ചോദിക്കുന്നത്.. മാഷിൻ്റെ മറുപടിക്ക് നിറഞ്ഞ കൈയ്യടി.പെരുവാരം, പൂശാരിപ്പടി, വഴിക്കുളങ്ങര, ആയുർവേദ ആശുപത്രി, തോന്ന്യകാവ് എന്നിവിടങ്ങളിലും നാടൊന്നാകെ സ്വീകരിക്കാനെത്തി. കഞ്ചാവ് പറമ്പും, നായർ ക്ഷേമസമിതി ഓഫിസ്, പ്രഭുസ്, പെരുമ്പടന്ന, ആരോഗ്യ മാത പള്ളി എന്നിവിടങ്ങളിലും നല്ല ജനപങ്കാളിത്തത്തോടെയുള്ള സ്വീകരണങ്ങൾ. ഇരുട്ട് തുടങ്ങിയെങ്കിലും തൈവെപ്പിലെത്തുമ്പോൾ പ്രായമായവരും, കുട്ടികളും, യുവാക്കളുമടക്കം വൻ ജനക്കൂട്ടം.വികസനമെത്താൻ മാറ്റം വേണം.. മാഷ് വരണം ഉറക്കെയുള്ള മുദ്രവാക്യം വിളികൾ. വികസനത്തിനായി വോട്ട് അഭ്യർത്ഥിച്ചു. ഉജ്ജ്വല സ്വീകരണത്തോടെ ചൂണ്ടാണിക്കാവിൽ പര്യടനം സമാപിച്ചു.
