ഹെല്‍ത്തി കേരള ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്സ് കാമ്പയിനിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നടത്തി

കോട്ടയം: ആരോഗ്യപരിപാലന രംഗത്ത് ആഗോളതലത്തിൽ കേരള മാതൃക സൃഷ്ടിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുർവേദവും ഹോമിയോപ്പതിയും നിർണായക പങ്കു വഹിച്ചെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ഹെല്‍ത്തി കേരള ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്സ് കാമ്പയിനിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോട്ടയം ഐ.എം.എ ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ആയുഷ് ഹെല്‍ത്ത് കാര്‍ഡിന്റെ ആദ്യ വിതരണവും കാമ്പയിനിന്റെ ഡിജിറ്റൽ പ്രതിജ്ഞയുടെ ക്യു ആർ കോഡ് പ്രകാശനവും മന്ത്രി നിർവഹിച്ചു.ഉദ്ഘാടനത്തിനു മുന്നോടിയായി കളക്ടറേറ്റില്‍ നിന്ന് ആരംഭിച്ച വാക്കത്തണ്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഫ്ലാഗ് ഓഫ് ചെയ്തു. ഹെൽത്തി കേരള എന്ന ആശയം മുൻനിർത്തി സംസ്ഥാന തലത്തിൽ നടത്തുന്ന പരിപാടിയാണ് വൈബ് ഫോർ വെൽനെസ്സ്. ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാമ്പയിനിൻ്റെ ലക്ഷ്യം എല്ലാവർക്കും സമഗ്രമായ ആരോഗ്യപരിപാലനം ഉറപ്പാക്കുകയാണ്.ഉദ്ഘാടനത്തിനു ശേഷം ആദ്യം രജിസ്റ്റര്‍ ചെയ്ത 100 പേര്‍ക്ക് സൗജന്യ രക്ത പരിശോധന നടത്തി. ആയുഷ് ഹെല്‍ത്ത് കാര്‍ഡ് വിതരണം, ഹെൽത്ത് സ്റ്റാളുകൾ, തെറാപ്യൂട്ടിക് യോഗ, ബോധവൽക്കരണ ക്ലാസ് എന്നിവയും ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഐ.ടി. അജിത, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. മിനി, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ, ഭാരതീയ ചികിത്സ വകുപ്പ് നോഡൽ ഓഫീസർ ഡോ. അനീഷ് വി. ശർമ്മ, ഹോമിയോപ്പതി വകുപ്പ് നോഡൽ ഓഫീസർ ഡോ. നിമ്മി ജോർജ്‌ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *