കോഴിക്കോട്: ജില്ലയിലെ 100 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കായിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ കായിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുമായി ഡോ. പി. ടി. ഉഷ എംപിയുടെ എംപിലാഡ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി വിഭാവനം ചെയ്ത ‘ഉഷാ സ്ട്രൈഡ്–36’ സ്കൂൾ കായിക വികസന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
‘ഒളിമ്പിക് സ്വപ്നത്തിലേക്ക് ഉറച്ച ചുവടുകൾ’ എന്ന ആശയത്തോടെ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി, വിദ്യാലയങ്ങളിൽ കായികപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ കായികപ്രതിഭ വളർത്തുന്നതിനും പ്രാധാന്യം നൽകുന്നു. സ്കൂൾതലത്തിൽ പരിശീലനത്തിനുള്ള അവസരങ്ങൾ മെച്ചപ്പെടുത്തി, 2036 ഒളിമ്പിക്സ് ലക്ഷ്യമിടുന്ന പുതുതലമുറയ്ക്ക് പ്രചോദനവും പിന്തുണയും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ലഭിക്കുന്ന അപേക്ഷകൾ ബഹു. ഡോ. പി. ടി. ഉഷ എംപിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിശോധിക്കും. സ്കൂളുകളുടെ ആവശ്യങ്ങളും നിലവിലുള്ള കായിക സൗകര്യങ്ങളും വിലയിരുത്തി, ആവശ്യമായ അന്വേഷണത്തിനും പരിശോധനയ്ക്കും ശേഷം അർഹമായ സ്കൂളുകളെ തിരഞ്ഞെടുക്കും. ബാധകമായ ചട്ടങ്ങൾക്കും ആവശ്യമായ അനുമതികൾക്കും വിധേയമായാണ് പദ്ധതി നടപ്പാക്കുക.
2026 ഒക്ടോബർ 1 മുതൽ 15 വരെ സ്കൂളുകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷാ ലിങ്ക്: https://forms.gle/89FdU1tz4iisY4997
