തിരുവനന്തപുരം:
തദ്ദേശ സ്വയംഭരണ വകുപ്പിലെ (LSGD) എൽ.എസ്.ജി.ഐ (LSGI) സെക്രട്ടറി നേരിട്ടുള്ള ഗസറ്റഡ് നിയമനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥ ലോബിയും പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ചില ഉന്നതരും ചേർന്ന് ആസൂത്രിത നീക്കം നടത്തുന്നതായി പരാതി. സിവിൽ സർവീസ് നിലവാരത്തിലുള്ള പരീക്ഷകൾ പാസായി 14 വർഷത്തിന് ശേഷം നിലവിൽ വന്ന പി.എസ്.സി റാങ്ക് ലിസ്റ്റിനെ ഇല്ലാതാക്കാനും അടുത്ത 4 വർഷത്തേക്ക് പുതിയ ഒഴിവുകൾ ഉണ്ടാകാതിരിക്കാനും ബോധപൂർവ്വമായ കള്ളക്കണക്കുകൾ ചമയ്ക്കുകയാണെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. വകുപ്പ് അധികൃതർക്കും മന്ത്രിക്കും നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിൽ ശക്തമായ സമരമാർഗങ്ങളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർഥികൾ.
പഞ്ചായത്ത് സെക്രട്ടറി, ബി.ഡി.ഒ, മുനിസിപ്പൽ സെക്രട്ടറി എന്നീ തസ്തികകൾ സംയോജിപ്പിച്ചാണ് 2023-ൽ പി.എസ്.സി നേരിട്ടുള്ള ഗസറ്റഡ് നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചത്. രണ്ട് ഘട്ട പരീക്ഷകൾക്കും അഭിമുഖത്തിനും ശേഷം 2025 ജൂലൈ 31-ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽനിന്ന് ആദ്യ ആറ് മാസത്തിനുള്ളിൽ 213 നിയമന ശുപാർശകൾ നൽകിയിരുന്നു. എന്നാൽ ഭരണം മാറിയത് അവസരമാക്കി ഉദ്യോഗസ്ഥ സംഘടനകളുടെയും ചില നിക്ഷിപ്ത താല്പര്യക്കാരുടെയും ഒത്താശയോടെ കഴിഞ്ഞ 7 മാസമായി നിലവിലുള്ള ഒഴിവുകൾ പോലും പി.എസ്.സി-ക്ക് റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിവെച്ചിരിക്കുകയാണ്. അനധികൃത പ്രമോഷനുകൾ സംരക്ഷിക്കാൻ കള്ളക്കണക്ക്; മറ്റ് തസ്തികയിലുള്ളവരെയും ഡയറക്ട് കേഡറിലാക്കി
പഞ്ചായത്ത് കേഡറിൽ നിന്നും പ്രമോഷൻ വഴി സെക്രട്ടറി ആകാൻ അനുവദിക്കപ്പെട്ട അനുപാതവും ക്വാട്ടയും ലംഘിച്ച് ചിലർക്ക് ഇതിനകം ചട്ടവിരുദ്ധമായി പ്രമോഷൻ നൽകിയിട്ടുണ്ട്. ഈ അനധികൃത പ്രമോഷനുകൾ സാധൂകരിക്കാനും സംരക്ഷിക്കാനുമാണ് നേരിട്ടുള്ള നിയമനത്തിന്റെ ഒഴിവുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഇതിനായി ഡയറക്ട് റിക്രൂട്ട്മെന്റ് കേഡറിൽ വൻ ക്രമക്കേടുകളാണ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നടക്കുന്നത്:
സെക്രട്ടേറിയറ്റ്, പി.എസ്.സി മുതലായ സ്ഥാപനങ്ങളിൽ നിന്നും ബൈ-ട്രാൻസ്ഫർ വഴി സെക്രട്ടറിമാരായ ഉദ്യോഗസ്ഥരെ പ്രത്യേക കേഡറായാണ് മുൻപ് പരിഗണിച്ചിരുന്നത്. ഇവരെ ചട്ടവിരുദ്ധമായി ഇപ്പോൾ ഡയറക്ട് കേഡറിൽ ഉൾപ്പെടുത്താൻ നീക്കം നടക്കുന്നു. സെക്രട്ടറിയുടെ ഫീഡർ കാറ്റഗറിയായ അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിൽ നിലവിൽ ജോലി ചെയ്യുന്ന 5 പേരെ ഡയറക്ട് സെക്രട്ടറിമാരുടെ ലിസ്റ്റിൽ തിരുകിക്കയറ്റി.
തികച്ചും വ്യത്യസ്ത തസ്തികയായ സീനിയർ സൂപ്രണ്ട് തസ്തികയിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി നിയമനം നേടിയവരെയും, ഡിസ്ട്രിക്റ്റ് എംപവർമെന്റ് ഓഫീസർമാരെയും നേരിട്ടുള്ള നിയമനത്തിന്റെ കേഡറിൽ ക്രമവിരുദ്ധമായി കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ മറ്റ് തസ്തികകളിൽ ഇരിക്കുന്നവരെപ്പോലും ഡയറക്ട് സെക്രട്ടറിമാരായി ചിത്രീകരിച്ച്, ഡയറക്ട് ക്വാട്ട പൂർണ്ണമായി നികത്തിക്കഴിഞ്ഞു എന്ന് വരുത്തിത്തീർക്കുകയാണ്. ഇതിലൂടെ അടുത്ത 4 വർഷത്തേക്ക് ഒരു ഒഴിവ് പോലും പി.എസ്.സി-ക്ക് റിപ്പോർട്ട് ചെയ്യാതിരിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രത്യക്ഷ സമരം തുടങ്ങും
അനധികൃത പ്രമോഷനുകളുടെയും വ്യാജ കണക്കുകളുടെയും ആധികാരിക രേഖകൾ സഹിതം പ്രിൻസിപ്പൽ ഡയറക്ടറേറ്റിലും വകുപ്പ് മന്ത്രിയുടെ ഓഫീസിലും നിരവധി തവണ നിവേദനം നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കഠിനാധ്വാനം ചെയ്ത് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച ഉദ്യോഗാർഥികളുടെ ഭാവി തകർക്കുന്ന ഈ ഉദ്യോഗസ്ഥ അട്ടിമറിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കുമെന്നും കോടതിയെ സമീപിച്ച് നിയമനടപടി സ്വീകരിക്കുമെന്നും എൽ.എസ്.ജി.ഐ സെക്രട്ടറി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർത്ത നൽകിയത്:
എൽ.എസ്.ജി.ഐ സെക്രട്ടറി പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് ഫോറം, തിരുവനന്തപുരം.
ഫോൺ:
