പീരുമേട്: വന്യമൃഗ ഭീതിയിൽ കഴിയുന്ന വണ്ടിപ്പെരിയാർ ഗ്രാമ്പി മേഖലയിലെ റോഡിനിരുവശവും വളർന്ന കാടുകൾ വെട്ടിമാറ്റി സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കി പ്രദേശവാസികൾ. തൊഴിൽ പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിലച്ച പോബ്സ് എസ്റ്റേറ്റിലെ തേയിലത്തോട്ടങ്ങൾ കാടുകയറിയതോടെ പ്രദേശത്ത് കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം വർധിച്ചിരുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ തന്നെ രംഗത്തിറങ്ങിയത്.
. കഴിഞ്ഞ ദിവസങ്ങളിൽ സമീപ പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടതോടെ ഇതുവഴിയുള്ള യാത്ര കൂടുതൽ ഭീതിജനകമായി. വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് നാട്ടുകാർ കാടുകൾ വെട്ടിമാറ്റാൻ മുന്നിട്ടിറങ്ങിയത്.
ഇതോടൊപ്പം പ്രദേശത്തെ കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്ന കുളവും ടാങ്കും കാടുപടലങ്ങൾ മൂടിയതിനാൽ വെള്ളം പമ്പ് ചെയ്യുന്നതിനും തടസ്സം നേരിട്ടിരുന്നു. ഇവിടെയും നാട്ടുകാരുടെ നേതൃത്വത്തിൽ കാടുകൾ വെട്ടിമാറ്റി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
മുൻ വാർഡ് മെമ്പർ പ്രേംകുമാറിന്റെ നേതൃത്വത്തിൽ മണികണ്ഠൻ, അബ്രഹാം, പ്രശാന്ത്, മനു, മഹാദേവൻ, ജോണി, ജേക്കബ്, രവികുമാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
