സമുദ്രോൽപ്പന്ന കയറ്റുമതിയിൽ ഇന്ത്യ ഏഴാമതെന്ന് എംപെഡ ഡയറക്ടർ ഡോ. രാം മോഹൻ; സീബെറി ഫുഡ് ആൻഡ് പ്രോട്ടീൻ സമ്മിറ്റ് സമാപിച്ചു

കൊച്ചി: മാംസ-സമുദ്രോൽപ്പന്ന വിതരണ രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സീബെറി ഫുഡ്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഫുഡ് ആൻഡ് പ്രോട്ടീൻ സമ്മിറ്റ് 2026’ കൊച്ചിയിൽ സമാപിച്ചു.

218 ബില്യൺ ഡോളറിന്റെ ആഗോള സമുദ്രോൽപ്പന്ന വ്യാപാരത്തിൽ നാല് ശതമാനം പങ്കാളിത്തത്തോടെ ഇന്ത്യ നിലവിൽ ലോകത്ത് ഏഴാം സ്ഥാനത്താണെന്ന് മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (എംപെഡ) ഡയറക്ടർ ഡോ. രാം മോഹൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 8.46 ബില്യൺ ഡോളർ മൂല്യമുള്ള രണ്ട് ദശലക്ഷം ടൺ സമുദ്രോൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഇതിൽ 67 ശതമാനം മൂല്യവും ശീതീകരിച്ച ചെമ്മീനിൽ നിന്നാണ് ലഭിക്കുന്നതെന്നും മൊത്തം കയറ്റുമതിയുടെ 63 ശതമാനവും അക്വാകൾച്ചർ മേഖലയുടെ സംഭാവനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്ക, ചൈന, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവയാണ് നിലവിൽ ഇന്ത്യയുടെ പ്രധാന വിപണികൾ.
അമേരിക്കൻ വിപണിയിലെ കയറ്റുമതി നിയന്ത്രണങ്ങൾ മറികടക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മത്സ്യബന്ധന വലകളിൽ ‘ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസുകൾ’ (TEDs) ഘടിപ്പിക്കുന്ന പദ്ധതി ഈ മാസം പതിനഞ്ചോടെ പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ വിപണിയിലെ കർശന പരിശോധനകളെ നേരിടാൻ കയറ്റുമതി ഉൽപ്പന്നങ്ങളിലെ ആന്റിബയോട്ടിക് സാന്നിധ്യം 0.01 ശതമാനത്തിലും താഴെയാണെന്ന് ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിതരണ ശൃംഖല കൂടുതൽ സുതാര്യമാക്കാൻ ഫാം തലം മുതൽ ഉൽപ്പന്നങ്ങളെ നിരീക്ഷിക്കുന്ന ഡിജിറ്റൽ ട്രേസബിലിറ്റി സംവിധാനം ഉടൻ നിലവിൽ വരുമെന്നും ഡോ. രാം മോഹൻ പറഞ്ഞു.

പാഷനും സമാന ചിന്താഗതിക്കാരുമായുള്ള കൂട്ടുകെട്ടുകളും വഴി ഉപഭോക്താക്കൾക്ക് മൂല്യം സൃഷ്ടിക്കുമ്പോഴാണ് ഒരു ബിസിനസ്സ് യഥാർത്ഥത്തിൽ നിലനിൽക്കുകയും വൻ വിജയമായി മാറുകയും ചെയ്യുന്നതെന്ന് സീബെറി ഫൗണ്ടർ മാത്യു ഷാജി പറഞ്ഞു. 70 ബില്യൺ ഡോളറിൻ്റെ വിപണിയാണ് ആനിമൽ പ്രോട്ടീൻ മേഖലയിലുള്ളത്. ഇവിടെ വലിയ നേട്ടങ്ങൾ സൃഷ്ടിക്കാനും മികച്ച സംഭാവനകൾ നൽകുവാനും രാജ്യത്തിന് കഴിയും. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ കേരളത്തിലെ സംരംഭകർക്ക് കഴിയണമെന്നും അദേഹം പറഞ്ഞു.

ഇന്ത്യൻ ഭക്ഷ്യ സംരംഭങ്ങളുടെ ആഗോളവൽക്കരണവും വാണിജ്യ പങ്കാളിത്തവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ വ്യവസായ പ്രമുഖരും യൂറോപ്പിൽ നിന്നുള്ള വിതരണക്കാരും പങ്കെടുത്തു. ഉച്ചകോടിയുടെ ഭാഗമായി ബിസിനസ്സ് വിപുലീകരണം മുൻനിർത്തി ഒരു അന്താരാഷ്ട്ര കമ്പനിയുമായും രണ്ട് ഇന്ത്യൻ കമ്പനികളുമായും സീബെറി ഫുഡ്സ് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു.
ഇന്ത്യയിലെ അനിമൽ പ്രോട്ടീൻ വിപണി ലക്ഷ്യമിട്ട് സീബെറി ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഒപ്പുവെച്ച ധാരണാപത്രങ്ങൾ വഴി ഫാം ഉൽപ്പന്നങ്ങളും മത്സ്യവും മട്ടനും ആഗോള വിപണിയിലെത്തും. ഈ കൂട്ടായ്മ ആയിരക്കണക്കിന് കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും മികച്ച പ്രതിഫലം ഉറപ്പാക്കുകയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും.

സമ്മിറ്റിൽ മാറുന്ന ഉപഭോഗ രീതികൾക്കൊപ്പം പുതിയ ബിസിനസ്സ് മാതൃകകൾ രൂപീകരിക്കുന്നതിനും കോൾഡ്-ചെയിൻ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ആശയങ്ങളും വിദഗ്ദ്ധർ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *