ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നഷത്രം പൊട്ടിത്തെറിയുടെ വക്കിലാണ്. മാർച്ച് 27ന് പൊട്ടിത്തെറിക്കുമെന്ന് ശാസ്ത്രലോകം കരുതിയിരുന്ന “നോർത്തേൺ ക്രൗൺ’ നക്ഷത്രസമൂഹത്തിലെ “ടി കൊറോണെ ബോറിയാലിസ്’ (T CrB) നവംബർ പത്തിനു പൊട്ടിത്തെറിച്ചേക്കാമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. എൺപതു വർഷത്തിലൊരിക്കൽമാത്രം സംഭവിക്കുന്ന അതിശയകരമായ സ്ഫോടനം കുറച്ചുദിവസത്തേക്കു രാത്രിയിൽ നേരിട്ടു ദൃശ്യമാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആകാശത്തെ ഏറ്റവും തിളക്കമുള്ള 48-ാമത്തെ നക്ഷത്രമായ നോർത്ത് സ്റ്റാറിന് സമാനമായ പ്രകാശത്തിൽ ഇതു കാണാനാകുമത്രെ! 1946ൽ ആണ് ഇത് അവസാനമായി സംഭവിച്ചത്. അതിനുശേഷം വാനനിരീക്ഷകർക്ക് ഈ ആകാശവിസ്മയം ദർശിക്കാനുള്ള അസുലഭസന്ദർഭമാണു കൈവരാൻ പോകുന്നത്. “നോർത്തേൺ ക്രൗൺ’ നക്ഷത്രസമൂഹത്തിലെ മങ്ങിയ നക്ഷത്രമാണ് “ടി കൊറോണെ ബോറിയാലിസ്’ (T CrB). കഴിഞ്ഞ സെപ്റ്റംബർ മുതൽ; T CrB-യെ സൂഷ്മമായി നിരീക്ഷിച്ചതിന്റെ അനുമാനത്തിൽ, ദീർഘകാലമായി കാത്തിരുന്ന സ്ഫോടനത്തിന്റെ ആസന്നമായവരവിനെ സൂചിപ്പിക്കുന്ന വ്യതിയാനങ്ങൾ ശാസ്ത്രകാരന്മാർ കണ്ടെത്തിയിരുന്നുവെന്ന് SETI ഇൻസ്റ്റിറ്റ്യൂട്ടിലെ ജ്യോതിശാസ്ത്രജ്ഞനും യൂണിസ്റ്റെല്ലാർ സഹസ്ഥാപകനുമായ ഫ്രാങ്ക് മാർച്ചിസ് പറഞ്ഞു. എന്നിരുന്നാലും, പഠനം ഇപ്പോഴും സൈദ്ധാന്തികമായതിനാൽ, അതിന്റെ നിഗമനങ്ങൾ അനിശ്ചിതത്വത്തിലാണെന്നും മാർച്ചിസ്. ടി കൊറോണ ബൊറിയാലിസ് എന്നത് “നോർത്തേൺ ക്രൗൺ’ നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വന്ദ്വ നക്ഷത്രവ്യവസ്ഥയാണ്. ഏകദേശം 3,000 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഇതിൽ രണ്ടു നക്ഷത്രങ്ങളാണുള്ളത്: ഒരു ചുവന്ന ഭീമനും ഒരു വെളുത്ത കുള്ളനും. ചുവന്ന ഭീമൻ നക്ഷത്രം പ്രായമാകുന്തോറും തണുക്കുകയും വികസിക്കുകയും ചെയ്യുന്നു. പ്രായമാകുമ്പോൾ വസ്തുക്കൾ പുറന്തള്ളുന്നു. വെള്ളക്കുള്ളൻ നക്ഷത്രം ചുരുങ്ങി, തണുത്തുകൊണ്ടിരിക്കുന്നു. ചുവന്ന നക്ഷത്രത്തിൽനിന്നു പുറന്തള്ളുന്ന വസ്തുക്കൾ വെള്ളക്കുള്ളനിൽ ശേഖരിക്കപ്പെടുന്നു. ചുവന്ന ഭീമൻ നക്ഷത്രത്തിൽനിന്നു ചോർന്ന കാലക്രമേണ വസ്തുക്കൾ ശേഖരിക്കുന്ന വെള്ളക്കുള്ളൻ ഒടുവിൽ തെർമോ ന്യൂക്ലിയർ സ്ഫോടനത്തിനു കാരണമാകുന്നു. സാധാരണയായി അദൃശ്യമായ നക്ഷത്രം, സ്ഫോടനത്തിന്റെ ഫലമായാണു ഭൂമിയിൽനിന്ന് നഗ്നനേത്രങ്ങൾക്കു ദൃശ്യമാകുന്നതെന്നു ശാസ്ത്രലോകം പറയുന്നു. പാരീസിൽ സ്ഥിതിചെയ്യുന്ന ഗവേഷണസ്ഥാപനമായ പാരീസ് ഒബ്സർവേറ്ററിയിലെ ഷാൺ ഷ്നീഡർ, മാർച്ച് 27ന് സംഭവിക്കാതിരുന്ന സ്ഫോടനം ഈവർഷം നവംബർ പത്തിന് സംഭവിച്ചേക്കാമെന്ന് അഭിപ്രായപ്പെടുന്നു. നവംബറിൽ സ്ഫോടനം നടന്നില്ലെങ്കിൽ 2026 ജൂൺ 25ന് സ്ഫോടനം നടന്നേക്കാമെന്നും ഷ്നീഡർ പറയുന്നു.അമേരിക്കൻ അസോസിയേഷൻ ഓഫ് വേരിയബിൾ സ്റ്റാർ ഒബ്സർവേഴ്സിന്റെ അഭിപ്രായത്തിൽ, 2023 മാർച്ച്, ഏപ്രിലിൽ നക്ഷത്രത്തിന്റെ തെളിച്ചം കുറഞ്ഞു. 2024 ഏപ്രിലിൽ അതു നോവയായി മാറുമെന്നായിരുന്നു അവരുടെ പ്രവചനം, പക്ഷേ അതു സംഭവിച്ചില്ല. 1787, 1866, 1946 വർഷങ്ങളിൽ T CrB പൊട്ടിത്തെറിച്ചതായി രേഖകൾ കാണിക്കുന്നു. ഇതു നിരവധി കാലഘട്ടങ്ങളിലായി ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷിച്ച, പ്രവചിക്കപ്പെട്ട സംഭവമാണെന്നും ഗവേഷകർ പറഞ്ഞു.
Related Posts
വന്ദേഭാരതിൽ വിദ്യാർത്ഥികൾ RSS ഗണഗീതം പാടിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍എസ്എസിന്റെ ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവം അതീവ…
കൊല്ലം വഞ്ചി പെട്ടിയിൽ മന്ത്രവാദി തന്ന ചരട് കെട്ടാൻ വിസമ്മതിച്ച ഭാര്യയുടെ ദേഹത്ത് ത്ത് തിളച്ച മീൻ കറി ഒഴിച്ചു
കൊല്ലം ആയൂർ വഞ്ചി പെട്ടിയിൽ മന്ത്രവാദി തന്ന ചരട് കെട്ടാൻ തയ്യാറാ വാത്തതിന്റെ പേരിൽ റജീലാ ഗഫൂറിന്റെ (36) ദേഹത്ത് ഭർത്താവായ സജീർ തിളച്ച മീൻ കറി…
കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ റദ്ദാക്കി.ഇന്ന് 6 സർവ്വീസുകൾ മാത്രമാണുള്ളതെന്നാണ് സിയാലിന്റെ വെബ്സൈറ്റിലെ വിവരം.അമ്പതോളം വിമാന സർവീസ് ഉള്ളതിൽ 44 എണ്ണമാണ്…
