ദേശീയപാത 66: നഗരസഭ ചെയർമാനെ തെറ്റിദ്ധരിപ്പിച്ച് നിർമ്മാണ കമ്പനി തീരുമാനങ്ങൾ അട്ടിമറിക്കുന്നു –ജനകീയ വികസന സംരക്ഷണ സമിതി
പറവൂർ : നിർദ്ദിഷ്ട ദേശിയപാത 66 നിർമ്മാണത്തിൽ ഗുരുതരമായ അട്ടിമറികൾ നടത്തുന്ന നിർമ്മാണ കമ്പനിയുടെ കെണിയിൽപ്പെട്ട നഗരസഭ ചെയർമാൻ്റെ നിലപാട് പറവൂരിൻ്റെ വികസന സാധ്യതക്കളെ ഇല്ലാതാക്കുന്ന അവസ്ഥയാണെന്ന് പെരുമ്പടന്ന ജനകീയ വികസന സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
543 ദിവസം നീണ്ട നിരന്തര സമരത്തിലുടെയും നിയമ പോരാട്ടത്തിലുടെയും ജനകീയ സംരക്ഷണ സമിതി നേടിയെടുത്ത നേട്ടങ്ങൾ നിർമ്മാണ കമ്പനിയായ ഓറിയൻ്റൽ കമ്പനി അട്ടിമറിക്കുകയാണ് .ചക്കരകടവ് അടിപ്പാത, പെരുമ്പടന്നയിൽ എക്സിറ്റ്, എൻട്രി, വയഡക്റ്റ്, സർ വീസ് റോഡുകൾ, ഡ്രെയ്നേജുകൾ എന്നിവ ഹൈക്കോടതിയിൽ ദേശീയപാത അതോറിറ്റി രേഖാമൂലം ഉറപ്പുനൽകിയിട്ടുള്ളതാണ് . ഇതിൽ ചക്കരകടവ് അടിപ്പാത മാത്രമാണ് യാഥാർത്ഥ്യമായത്. മൂന്ന് മീറ്റർ ഉയരം ആവശ്യമായ അടിപ്പാത 2 മീറ്റർ 20 സെൻ്റിമീറ്ററിലാണ് നിർമ്മിച്ചിട്ടുള്ളത്. എക്സിറ്റും എൻട്രിയും സ്ഥാപിക്കുന്നതിൻ്റെ പേരിലാണ് ഉയരം കുറച്ചത്.
എന്നാൽ നവംബർ 3 ന് നഗരസഭ ചെയർമാനും അഞ്ചംഗ ഭരണ പ്രതിപക്ഷ കൗൺസിലർമാരും നിർമ്മാണ കമ്പനിയായ ഓറിയൻ്റൽ കമ്പനി പ്രതിനിധികളും മാത്രം ജില്ലാകളക്ടറുമായി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും പെരുമ്പടന്നയിൽ എക്സിറ്റും എൻട്രിയും അനുവദിച്ചെന്നുമുള്ള ചെയർമാൻ്റെ പ്രസ്താവന അബദ്ധജഡിലവും തെറ്റിദ്ധാരണയിൽ നിന്നും ഉണ്ടായിട്ടുള്ളതുമാണ്. മാത്രമല്ല, കഴിഞ്ഞ ജനുവരി 9ന് കളക്ട്രേറ്റിലെ യോഗത്തിൽ എടുത്ത ഔദ്യോഗിക തീരുമാനങ്ങൾ മാസങ്ങൾക്ക് മുൻപ് ദേശീയ പാത അതോറിറ്റി ജനകീയ സമിതി നൽകിയ WP (pil )107/25 കേസിൽ ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലമായി നൽകിയിട്ടുള്ളതാണ്. എന്നാൽ പുതുക്കിയ പ്ലാനിൽ പെരുമ്പടന്നയിൽ ഈ ഭാഗത്ത് സ്ലിപ്പ് റോഡാണ് ഓറിയൻ്റൽ കമ്പ നി മുന്നോട്ട് വെയ്ക്കുന്നത്. ഇത് സർവ്വീസ് റോഡിൻ്റെ വലിയ ഭാഗം അപഹരി ക്കും. ഇതോടെവലിയ വാഹനങ്ങൾക്ക് സർവ്വീസ് റോഡിലുടെ കയറാൻ പറ്റാതാകും. ഫലത്തിൽ പെരുമ്പടന്നയെ പറവൂരിൻ്റെ മുഖ്യകവാടമാക്കുക എന്നത് ലക്ഷ്യം കാണില്ല.
മുഖ്യമന്ത്രി പറവൂരിൻ്റെ വികസനത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കി വരികയാണ്. ലോകം ശ്രദ്ധിക്കുന്ന മുസരിസ് പൈതൃക സംര ക്ഷണ പദ്ധതികൾ, മാരിടൈം മ്യൂസിയം, ഓഷ്യനേറിയം, പെരുമ്പടന്നയിലുടെ തീരദേശ റോഡ്, ഏഴിക്കരയിലെ ഉത്തരവാദിത്വ ടുറിസം പദ്ധതികൾ എന്നിവയിലെല്ലാം പെരുമ്പടന്നക്ക് വളരെ പ്രാധാന്യമുണ്ട്. പെരുമ്പടന്നയിൽ എക്സിറ്റും എൻട്രിയും ഇല്ലാതാകുന്നത് ഈ വികസന പദ്ധതികളെ അപൂർണ്ണമാക്കും. പറവൂർ ഗതാഗത കുരുക്കിലാവും.
ജനകീയ വികസന സംരക്ഷണ സമിതി നേടിയെടുത്ത അവകാശങ്ങൾ അട്ടിമറിക്കപ്പെടുന്നതിനെതിരെ ജാതി മത കക്ഷി രാഷ്ട്രീയ ദേദ്യമെന്യേ ജനങ്ങൾ രംഗത്ത് വരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഓറിയൻ്റൽ കമ്പനിയുടെ അട്ടിമറികൾ പൊതു ജനസമക്ഷം രേഖാമൂലം തെളിയിക്കാൻ സമിതി തയ്യാറാണ്. ഇതു സംബന്ധിച്ച് നഗരസഭ ചെയർമാനെയും പ്രതിപക്ഷത്തെയും ഈ രംഗത്തെ വിദഗ്ധരെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ എന്നിവരെയും പങ്കെടുപ്പിച്ച് പൊതുസംവാദത്തിലൂടെ ഓറിയൻ്റൽ കമ്പനി നടത്തുന്ന കൊടിയ അഴിമതികളും ഉറപ്പുകളുടെ ലംഘനവും തുറന്നുകാട്ടും. ഓറിയൻ്റൽ കമ്പനിയുടെ അഴിമതികൾക്കും അട്ടിമറികൾക്കും എതിരെ നിയമ പോരാട്ടം തുടരുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ സമിതി ചെയർമാൻ ബോബൻ വിഎസ്,ജനറൽ കൺവീനർ ഗണേശൻ ജി, ട്രഷർ ഒ.എൻ. ബോസ്,വൈസ് ചെയർമാൻ ഉദയഭാനു പി.എസ്, കോ. ഓഡിനേററർ സുധീഷ് തോപ്പിൽ തുടങ്ങിയർ പങ്കെടുത്തു.
