‘പന്തടിക്കാം’:നാളെ മുതൽ

കൊച്ചി: കേരളത്തിന്റെ ഫുട്ബോൾ ആവേശത്തെയും അതിന്റെ സാംസ്കാരിക പശ്ചാത്തലത്തെയും ആദരിച്ചുകൊണ്ട് മമ്മൂട്ടിയുടെ വോയ്‌സ് ഓവറിൽ സീ5ന്റെ ആദ്യ മലയാളം സ്പോർട്സ് ഡോക്യുമെന്ററി സീരീസ് ‘പന്തടിക്കാം’ സ്ട്രീമിങ്ങിനൊരുങ്ങുന്നു. അഞ്ച് എപ്പിസോഡുകളുള്ള സിനിമാറ്റിക് സീരീസ് നാളെ മുതൽ സീ5ൽ എക്സ്ക്ലൂസീവായി സ്ട്രീമിങ് ആരംഭിക്കും.

കേരളത്തിന്റെ പ്രധാന വിനോദങ്ങളിലൊന്നായ കാൽപ്പന്തുകളിയുടെ ചരിത്രവും പാരമ്പര്യവും ഫുട്ബോളിനോടുള്ള മലയാളികളുടെ വേറിട്ട ആരാധനയും അടയാളപ്പെടുത്തുന്ന സീരീസാണ് ‘പന്തടിക്കാം’. 20 മിനിറ്റോളം ദൈർഘ്യമുള്ള അഞ്ച് എപ്പിസോഡുകളിലൂടെ ആദ്യകാല ക്ലബ് ഫുട്ബോളിൽ നിന്ന് സന്തോഷ് ട്രോഫിയുടെ സുവർണ്ണകാലഘട്ടങ്ങളിലേക്കും പിന്നീട് ഇന്നത്തെ പ്രൊഫഷണൽ ഫുട്ബോളിലേക്കുമുള്ള കേരളത്തിന്റെ വളർച്ച സീരീസ് രേഖപ്പെടുത്തുന്നു.

ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലെ ഫുട്ബോൾ താരങ്ങൾ കേരളത്തിൽ ചെലുത്തിയ സ്വാധീനവും, ഫുട്ബോളിനോടുള്ള മലയാളികളുടെ ആവേശവും ആരാധകരുടെ ആഘോഷങ്ങളും ഉൾപ്പെടെ കേരളത്തിന്റെ ഫുട്ബോൾ സംസ്കാരത്തിന്റെ വിവിധ തലങ്ങളാണ് ‘പന്തടിക്കാം’ അവതരിപ്പിക്കുന്നത്. സീ5ന്റെ ആദ്യ മലയാളം സ്പോർട്സ് ഡോക്യുമെന്ററി സീരീസെന്ന പ്രത്യേകതയ്ക്കൊപ്പം, പത്മഭൂഷൺ മമ്മൂട്ടി വിവരണം നൽകുന്ന ആദ്യ സ്പോർട്സ് ഡോക്യുമെന്ററി എന്ന പ്രത്യേകതയും ‘പന്തടിക്കാം’ എന്ന സീരീസിനുണ്ട്.

‘സ്റ്റോറീസ് സോഷ്യലി’ന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ നിർമ്മിച്ച ‘പന്തടിക്കാം’ സംവിധാനം ചെയ്തതും പശ്ചാത്തല സംഗീതം ഒരുക്കിയതും നിക്സ് ലോപ്പസാണ്. ഗീതാർത്ഥ എ. ആർ. ആണ് രചന നിർവഹിച്ചിരിക്കുന്നത്. ജോ ക്രിസ്റ്റോ സേവ്യർ ഛായാഗ്രഹണവും സജീഷ് സ്വാമിനാഥൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *