തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ 2025–26 അധ്യയന വർഷത്തെ സ്പോർട്സ് കോൺവൊക്കേഷൻ സർവകലാശാല സെനറ്റ് ഹാളിൽ നടന്നു. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച കോളേജുകളെയും വിദ്യാർത്ഥികളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കായിക ഇനങ്ങളിൽ സർവകലാശാലയെ പ്രതിനിധീകരിച്ച് മികവ് തെളിയിച്ച 975 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇതിൽ 796 പേർ ഇന്റർസോൺ മത്സരങ്ങളിലും 179 പേർ ഇന്റർയൂണിവേഴ്സിറ്റി മത്സരങ്ങളിലും മികവ് തെളിയിച്ചവരാണ്.
2025–26 വർഷത്തെ സർവകലാശാല കായിക മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിന് ചാമ്പ്യൻസ് ട്രോഫിയും എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും വൈസ് ചാൻസലർ സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട്, മൂന്നാം സ്ഥാനം നേടിയ മലബാർ മെഡിക്കൽ കോളേജ്, കോഴിക്കോട് എന്നിവർക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും സമ്മാനിച്ചു.
ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ വനിതാ പവർലിഫ്റ്റിംഗിൽ വെങ്കല മെഡൽ നേടിയ അഞ്ജന കൃഷ്ണ വി.കെ., പുരുഷ വിഭാഗം തായ്‌ക്വാണ്ടോ–പൂംസെ വ്യക്തിഗത ഇനത്തിൽ വെങ്കല മെഡൽ നേടിയ തേജസ് പി. എന്നിവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
മറ്റ് സർവകലാശാലകളെ അപേക്ഷിച്ച് ആരോഗ്യശാസ്ത്ര സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ അക്കാദമിക് പഠനക്രമവും പാഠ്യപദ്ധതിയും കൂടുതൽ തിരക്കേറിയതിനാൽ കായിക പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ പറഞ്ഞു. എന്നിരുന്നാലും, വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് കായികവും ഗെയിംസും ഇൻട്രാകറിക്കുലർ പ്രവർത്തനമായി സർവകലാശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യശാസ്ത്ര ബിരുദധാരികൾക്ക് രാജ്യത്തെ കായികരംഗത്തിന്റെ വളർച്ചയിൽ കൂടുതൽ ഫലപ്രദമായി പങ്കാളികളാകാൻ സഹായിക്കുന്നതിനായി സ്പോർട്സ് ഫിസിയോളജിയിൽ പ്രത്യേക കോഴ്സ് ആരംഭിക്കുന്നതിനുള്ള പദ്ധതിയും സർവകലാശാല പരിഗണിച്ചുവരികയാണ്. കോഴ്സിന്റെ കരിക്കുലം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ (UNSW) സ്കൂൾ ഓഫ് ക്ലിനിക്കൽ മെഡിസിനിലെ പ്രൊഫസർ പ്രൊഫ. (ഡോ.) സൈമൺ റോസൻബോമുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ 2040 ഒളിമ്പിക്സ് എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുമ്പോൾ ആരോഗ്യരംഗത്തിനും മികച്ച സംഭാവന നൽകാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യകരമായ ജീവിതശൈലിക്ക് ശാരീരിക പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങൾ ആരോഗ്യകരമായ വാർധക്യത്തിന് സഹായിക്കുമെന്നും വൈസ് ചാൻസലർ പറഞ്ഞു.
പ്രോ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സി.പി. വിജയൻ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ പ്രൊഫ. (ഡോ.) ഗോപകുമാർ എസ്., പരീക്ഷാ കൺട്രോളർ ഡോ. എസ്. അനിൽകുമാർ, ഫിനാൻസ് ഓഫീസർ ശ്രീ. എം.എസ്. സുധീർ, വിദ്യാർത്ഥികാര്യ ഡീൻ ഡോ. ആശിഷ് ആർ., ഡീൻ അക്കാദമിക് ഡോ. ആർ. ബിനോജ്, ഡീൻ റിസർച്ച് ഡോ. കെ.എസ്. ഷാജി, അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടർ പ്രൊഫ. ഡോ. വി.വി. ഉണ്ണികൃഷ്ണൻ, സർവകലാശാല സ്പോർട്സ് കോർഡിനേറ്റർ ബിജു കുമാർ വി.എൽ. എന്നിവർ പങ്കെടുത്തു.
