കള്ളിക്കാട്ടിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

കള്ളിക്കാട്: ആടുവള്ളി ജംഗ്ഷന് സമീപം കാളിപ്പാറ വാർഡിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ. വൈകിട്ട് നാലരയോടെയുണ്ടായ മണ്ണിടിച്ചിലിൽ മണ്ണും ചെളിയും കല്ലുകളും റോഡിലേക്ക് ഒലിച്ചിറങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു.

മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന് സമീപം വീടുകളുണ്ടെങ്കിലും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. മണ്ണും ചെളിയും റോഡിലേക്ക് ഒലിച്ചിറങ്ങിയതിനെ തുടർന്ന് ഇതുവഴി കടന്നുപോയ ചില വാഹനങ്ങൾ തെന്നിമാറിയെങ്കിലും കാര്യമായ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

റോഡിലേക്ക് ഒലിച്ചിറങ്ങിയ ചെളിയും കല്ലുകളും നാട്ടുകാർ ചേർന്നാണ് നീക്കം ചെയ്തത്. നിലവിൽ ഗതാഗതം നിയന്ത്രണവിധേയമാണ്.

സമീപത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി വാർഡ് മെമ്പർ അറിയിച്ചു. രാത്രിയിലും ശക്തമായ മഴ തുടരുകയാണെങ്കിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ പ്രദേശത്ത് ആശങ്ക തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *