അഞ്ചാമത് വി. എം. കുട്ടി സ്മാരക സംസ്ഥാന പുരസ്‌കാരം ഡോ. പി. സക്കീർ ഹുസൈന്……………………………………..

തിരുവനന്തപുരം: മാപ്പിളപ്പാട്ടിന്റെ ജനകീയ മുഖമായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ വി. എം. കുട്ടിയുടെ സ്മരണയ്ക്കായി വി. എം. കുട്ടി ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയും മുഹമ്മദ് റാഫി ഗ്ലോബൽ ഫൗണ്ടേഷൻ (രജി. നമ്പർ: TVM/TC/425) സംസ്ഥാന സമിതിയും സംയുക്തമായി ഏർപ്പെടുത്തിയ അഞ്ചാമത് വി. എം. കുട്ടി സ്മാരക സംസ്ഥാന പുരസ്‌കാരത്തിന് ഡോ. പി. സക്കീർ ഹുസൈനെ തെരഞ്ഞെടുത്തു.
ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ഗവേഷകനും റിസർച്ച് ഗൈഡുമായ ഡോ. പി. സക്കീർ ഹുസൈന്റെ സാംസ്കാരിക-ചരിത്ര പഠനരംഗത്തെ സംഭാവനകൾ മുൻനിർത്തിയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

വി. എം. കുട്ടി ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരിയും മുൻ എം.പിയുമായ ശ്രീ പന്ന്യൻ രവീന്ദ്രൻ, ഡോ. നിസാമുദ്ദീൻ കെ. എം. മരുത (കൺവീനർ, ദേശീയ മലയാള വേദി), ഡോ. ഗീതാ ഷാനവാസ്, നൗഷാദ് തോട്ടുംകര, അഡ്വ. എ. എം. കെ. നൗഫൽ . ഷാജിമോൻ തൊടുപുഴ ഇടുക്കി, തുടങ്ങിയവർ അംഗങ്ങളായ ജൂറി കമ്മിറ്റിയാണ് ഡോ. പി. സക്കീർ ഹുസൈനെ അഞ്ചാമത് വി. എം. കുട്ടി സ്മാരക സംസ്ഥാന പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

മലപ്പുറം ഗവൺമെന്റ് കോളേജ് ഇസ്‌ലാമിക് ഹിസ്റ്ററി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. പി. സക്കീർ ഹുസൈൻ.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ വേങ്ങൂർ സ്വദേശിയാണ്. എഴുത്തുകാരൻ, ചരിത്രഗവേഷകൻ, പ്രഭാഷകൻ, എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം സാംസ്കാരിക-ചരിത്ര പഠനരംഗത്തെ വിദഗ്ധനാണ്. സാംസ്കാരികവും കീഴാള ചരിത്രപരവുമായ പഠനങ്ങൾക്ക് ഊന്നൽ നൽകിയ 18-ൽ പരം ശ്രദ്ധേയ ഗ്രന്ഥങ്ങൾ ഇതിനകം ഡോ. ഹുസൈന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
മാപ്പിളപ്പാട്ട്, അറബി-മലയാള സാഹിത്യപഠനം, കീഴാളസാഹിത്യപഠനം എന്നീ മേഖലകളിലായി അന്വേഷണം നടത്തുന്ന അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നിരവധി സർവകലാശാല ഗവേഷകരും ഉണ്ട്.
‘ആധുനിക മാപ്പിളപ്പാട്ടുകളിലെ സാംസ്കാരിക ദിശകൾ’, കുഞ്ഞായിൻ മുസ്‌ലിയാരുടെ കപ്പപ്പാട്ട് – നൂൽമദ്ഹ്- നൂൽമാല പഠനങ്ങൾ, ചവിട്ടുകളിപ്പാട്ട് – ഒരു പഠനം, ഇഞ്ചീൽ ലൂക്ക – അറബിമലയാള ബൈബിൾ പരിഭാഷയും പഠനവും, ബാലകൃഷ്ണന്റെ വള്ളിക്കുന്ന് :ജീവിതം അന്വേഷണം സംവാദം, Umer Qazi of Veliyancode – The Poet and Patriot, ‘പ്രവാചകന്റെ മദീന’, ചേറൂർ പടപ്പാട്ട്, വെള്ളാട്ടി മസ്അല ഭാഷയും വ്യാഖ്യാനവും, ഇബ്‌റാഹീം ഇബ്നു‌ അദ്‌ഹം ഖിസ്സപ്പാട്ട്, ആരിഫ ബീവിയുടെ കൺകെട്ട് വിവാഹം,
ആനന്ദവികടൻ എന്ന കൂനചരിത്രം,ആയിരൊത്തൊന്ന് പകലുകൾ,
ശുജായി മൊയ്‌തുമുസ്‌ലിയാർ:
ധിഷണ സമരം അതിജീവനം, ഫൈളുൽ ഫയ്യാള് മാനവചരിത്ര സംഗ്രഹം,കാഞ്ഞിരാല കുഞ്ഞിരായിൻകുട്ടി ചരിത്രബോധമുണർത്തിയ ഇശൽ സഞ്ചാരി എന്നിവയാണ് പുരസ് ക്കാര ജേതാവിന്റെ പ്രധാന രചനകൾ.

ഒക്ടോബർ 13-ന് പുരസ്‌കാര സമർപ്പണം
വി. എം. കുട്ടിയുടെ ചരമദിനമായ 2026 ഒക്ടോബർ 13 ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന പ്രത്യേക അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കും.
ഒക്ടോബർ 13-ന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപം സ്റ്റാച്യുവിലുള്ള പത്മാ കഫെ (A/C) ഓഡിറ്റോറിയത്തിലാണ് വി. എം. കുട്ടി ചരമവാർഷിക അനുസ്മരണവും അഞ്ചാമത് വി. എം. കുട്ടി സ്മാരക സംസ്ഥാന പുരസ്‌കാര സമർപ്പണവും നടക്കുന്നത്.
സമ്മേളനത്തിൽ സംസ്ഥാന മന്ത്രിമാർ, എം.എൽ.എമാർ, രാഷ്ട്രീയ, കലാ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, എഴുത്തുകാർ, ഗായകർ തുടങ്ങിയവർ പങ്കെടുക്കും.
101 ഗായകരുമായി ‘വി. എം. കുട്ടി നൈറ്റ് 2026’
പുരസ്‌കാര സമർപ്പണത്തോടനുബന്ധിച്ച് വി. എം. കുട്ടിയുടെ സംഗീതസ്മരണകൾ പുതുതലമുറയിലേക്ക് എത്തിക്കുന്ന വിപുലമായ ഗാനപരിപാടിയും ഒരുക്കിയിട്ടുണ്ട്.
‘വി. എം. കുട്ടി നൈറ്റ് 2026’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ 101 ഗായകർ അണിനിരക്കും. വി. എം. കുട്ടിയുടെ ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മാപ്പിള ഗാനമേള ഉൾപ്പെടെയുള്ള സംഗീതപരിപാടികൾ ഒക്ടോബർ 13, 14 തീയതികളിലായി തിരുവനന്തപുരത്ത് നടക്കും.
മാപ്പിളപ്പാട്ടിന്റെ ജനകീയ മുഖമായി മാറിയ വി. എം. കുട്ടിയുടെ കലാജീവിതത്തെയും മാപ്പിളപ്പാട്ടിന് അദ്ദേഹം നൽകിയ സംഭാവനകളെയും അനുസ്മരിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ സ്മരണ പുതുതലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്‌കാര സമർപ്പണവും അനുസ്മരണവും സംഗീത സായാഹ്നവും സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *