വോട്ടുവെട്ടൽ: നിസഹായതയുടെ ഭാഷ ഒഴിവാക്കണം – സി.പി ജോൺ

കൊച്ചി: ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ തകർക്കുന്ന വോട്ടുവെട്ടലിനെതിരെ ജനകീയ പ്രതിരോധമുയർത്തണമെന്നും നിസഹായതയുടെ ഭാഷ ഒഴിവാക്കണമെന്നും
ഗതാഗത മന്ത്രി സി.പി ജോൺ. വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പണ്ഡിറ്റ് കറുപ്പൻ – സഹോദരൻ അയ്യപ്പൻ നഗറിൽ (എറണാകുളം ടൗൺ ഹാൾ) സംഘടിപ്പിച്ച ‘ഇലക്ടറൽ ജെനോസൈഡ് – ഇന്ത്യയുടെ ഭാവി’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങൾക്ക് വോട്ട് ചെയ്യില്ല എന്ന് ഉറപ്പുള്ളവരെ പട്ടികയിൽ നിന്ന് വെട്ടുകയാണ് കേന്ദ്ര ഭരണകൂടം. പൗരത്വ പ്രക്ഷോഭവും കർഷക സമരവും പുതിയ സമരങ്ങൾക്ക് പ്രചോദനമാണ്. അവ വിജയിച്ച സമരങ്ങളാണ്. ഇന്ത്യയിലെ സമരശക്തിക്ക് നിരവധി കാര്യങ്ങൾ തിരുത്താനുള്ള ശേഷിയുണ്ട്. ജെൻ സി പ്രക്ഷോഭങ്ങൾ രാഷ്ട്രീയ ഭാവം കൈവരിച്ചത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും സി.പി ജോൺ കൂട്ടിച്ചേർത്തു.

സെമിനാറിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. ഇഷ്‌ടമില്ലാത്തവരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാറിൻ്റേത്. ഭരണകൂടത്തിൻ്റെ രൂപം പ്രാപിച്ച ഇന്ത്യയിലെ വംശീയ ഫാഷിസം നിയമനിർമാണത്തിലൂടെ വംശഹത്യ നടപ്പിലാക്കുകയാണ്. പുറംതള്ളലിൻ്റെ പൗരത്വമാണ് ഈ സർക്കാർ വിഭാവനം ചെയ്യുന്നത്. ഭരണകൂടം ഭീതി പടർത്താൻ ശ്രമിക്കുമ്പോൾ ഭയത്തെ മറികടന്നുകൊണ്ട് ബിൽകീസ് ബാനുവും നേഹ സിങ് റാത്തോഡുമെല്ലാം മുന്നോട്ടുവരുന്നത് മനോഹര കാഴ്ചയാണെന്നും റസാഖ് പാലേരി പറഞ്ഞു.
ഹൈബി ഈഡൻ എം.പി., മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം, ജനാധിപത്യ രാഷ്ട്രീയ പാർട്ടി പ്രസിഡന്റ് സി.കെ ജാനു, ദലിത് സമുദായ മുന്നണി ചെയർമാൻ സണ്ണി കപിക്കാട്, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, ദക്ഷിണ കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ ഓർഗനൈസിങ് സെക്രട്ടറി കടക്കൽ ജുനൈദ്, നാഷണൽ ലീഗ് പ്രസിഡന്റ് എ.പി അബ്ദുൽ വഹാബ്, അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് വർക്കിങ് ചെയർമാൻ കെ. അംബുജാക്ഷൻ, കോളേജിയറ്റ് വിദ്യാഭ്യാസ വിഭാഗത്തിലെ ഭാഷാധ്യാപിക ലക്ഷ്മിപ്രഭ സ്നേഹലത, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ ഷഫീഖ് എന്നിവർ സംസാരിച്ചു.

വോട്ടവകാശം കവർന്നെടുക്കുന്ന എസ്.ഐ.ആർ (SIR) നടപടികൾ അടിയന്തരമായി റദ്ദാക്കുക; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത തകർത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ബിനു വയനാട് സമ്മേളന പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് സ്വാഗതവും സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി നന്ദിയും പറഞ്ഞു.

ടൗൺ ഹാളിൽ നടക്കുന്ന സംസ്ഥാന സമ്മേളനം നാളെ (നവംബർ 23) വൈകുന്നേരത്തോടെ സമാപിക്കും. നാളെ വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന സമാപന പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടിയുടെ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡൻ്റിനെ പ്രഖ്യാപിക്കും. പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് രവിശങ്കർ ത്രിപാഠി, എസ് ഐ ആറിനെതിരെ നടക്കുന്ന ജെൻസി പോരാട്ടങ്ങൾക്ക് ആവേശം പകർന്ന ഭോജ്പുരി ഗായിക നേഹ സിംഗ് റാത്തോർ തുടങ്ങിയവർ സമാപന പൊതുസമ്മേളനത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്

ആദിൽ അബ്ദുൽ റഹിം
+91 9895 550 436
സംസ്ഥാന മീഡിയ കോഡിനേറ്റർ
വെൽഫെയർ പാർട്ടി കേരള.

Leave a Reply

Your email address will not be published. Required fields are marked *