തിരുവനന്തപുരം: രണ്ടായിരത്തിലധികം വർഷങ്ങളുടെ പൈതൃക പാരമ്പര്യമുള്ള ചരിത്രപ്രസിദ്ധമായ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനും വികസനത്തിനുമായി തയ്യാറാക്കിയ പ്രൊപ്പോസൽ ഇന്ന് കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ജിക്ക് കൈമാറിയതായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ അറിയിച്ചു.
ഭഗവാൻ പരശുരാമന് സമർപ്പിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രമായ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം നൂറ്റാണ്ടുകളായി ബലിതർപ്പണത്തിനും ആത്മീയ ആചാരങ്ങൾക്കുമായി ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന അതിപുരാതന തീർത്ഥാടന കേന്ദ്രമാണ്.
എന്നാൽ, മുൻകാലങ്ങളിൽ ആവശ്യമായ പരിഗണനയും വികസനവും ലഭിക്കാതെ ഈ പൈതൃക കേന്ദ്രവും പരിസരവും അവഗണിക്കപ്പെട്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. ക്ഷേത്രത്തിന്റെ ചരിത്രപ്രാധാന്യത്തിനും വിശ്വാസികളുടെ വികാരങ്ങൾക്കും യോജിച്ച രീതിയിൽ സംരക്ഷണവും അടിസ്ഥാന സൗകര്യ വികസനവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന നിലപാടോടെയാണ് സമഗ്ര വികസന പദ്ധതി കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുന്നത്.
ഈ പദ്ധതി താത്കാലിക അറ്റകുറ്റപ്പണികളിൽ ഒതുങ്ങുന്നതല്ല. ക്ഷേത്രത്തിന്റെ പൈതൃക മൂല്യം സംരക്ഷിച്ചുകൊണ്ട് ആധുനിക സൗകര്യങ്ങൾ ഒരുക്കുകയും ദേശീയ തലത്തിൽ പ്രാധാന്യമുള്ള ആത്മീയ-ടൂറിസം കേന്ദ്രമായി വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
ഈ വികസനത്തിലൂടെ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിന് അർഹമായ അംഗീകാരവും സംരക്ഷണവും ഉറപ്പാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും രാജീവ് ചന്ദ്രശേഖർ എം.എൽ.എ പ്രകടിപ്പിച്ചു.
