തിരുവനന്തപുര: ഈദ് സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ലാം മതം സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്നും കേരളത്തിൽ വിവിധ മതവിഭാഗങ്ങൾ ഒരുമിച്ച് ഈദും ഈസ്റ്ററും ഓണവും വിഷുവും ആഘോഷിക്കുന്ന സൗഹാർദ്ദ പാരമ്പര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധവും സംഘർഷവും രൂക്ഷമാകുന്ന സാഹചര്യത്തിൽ ശാന്തിയും സമാധാനവും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ലോക സമ്പദ്വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുകയാണ്.യുദ്ധത്തിന്റെ ഫലമായി ഇന്ധനവില വർധിച്ച് ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാകുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ നിരപരാധികളായ മനുഷ്യർ യുദ്ധത്തിന്റെ ഇരകളാകുന്നത് അതീവ ദുഃഖകരമാണെന്നും ലോകത്തിന് ഇന്ന് ഏറ്റവും ആവശ്യമായത് സമാധാനവും മാനവികതയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുതിർന്ന CPI നേതാവ് പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ മന്ത്രി കെ മുരളീധരൻ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറൽ റവ. ഡോ. വർക്കി ആറ്റുപുറത്ത്, കരമന മസ്ജിദ് ചീഫ് ഇമാം ഹാഫിസ് നിഷാദ് റഷാദി, കിംസ് ചെയർമാൻ ഡോ. എ.എ സഹദുള്ള, നിംസ് മെഡിസിറ്റി എംഡി എം.എസ് ഫൈസൽ ഖാൻ, ദുബായ് ചാപ്റ്റർ ചെയർമാൻ അഡ്വ. എം.എ സിറാജുദ്ദീൻ, ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, KMJC ദേശീയ സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു തുടങ്ങിയവർ പങ്കെടുത്തു.
ഈദ് ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം നൽകുന്നു – രമേശ് ചെന്നിത്തല
