തെളിവുകൾ ഉണ്ടായിട്ടും മുഖ്യമന്ത്രി വി ഡി സതീശനെതിരെയുള്ള പുനർജനി കേസ് ഇല്ലാതാക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി; സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

പറവൂർ:കൃത്യമായ തെളിവുകൾ ഉണ്ടായിട്ടും മുഖ്യമന്ത്രി വി ഡി സതീശനെതിരെയുള്ള പുനർജനി കേസ് ഇല്ലാതാക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പുനർജനി കേസിൽ തുടരന്വേഷണം പ്രഖ്യാപിക്കാതെ കേസ് റദ്ദ് ചെയ്യാനുള്ള നീക്കത്തിനെതിരെ പറവൂരിൽ എൽഡിഎഫ് സംഘടിപ്പിച്ച ബഹുജന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.2019ൽ എംഎൽഎ മാത്രമായിരുന്ന സതീശന് വിദേശരാജ്യങ്ങളിൽ പോയി പണം പിരിക്കാൻ കേന്ദ്ര സർക്കാർ അനുവാദം നൽകിയിരുന്നോ എന്ന് വ്യക്തമാക്കണം. ഉണ്ടെങ്കിൽ അത് എന്ത് ആനുകൂല്യത്തിലാണ് ലഭിച്ചതെന്ന് സതീശൻ പറയണം.ബർമിങ്ങ്ഹാമിൽ നിന്ന് പിരിച്ചെടുത്ത പണം മണപ്പാട്ട് ഫൗണ്ടേഷൻ, മാഞ്ഞാലി സ്വദേശിയായ നവാസ് എന്നിവരിൽ ആരുടെ അക്കൗണ്ടിലേക്കാണ് ചെന്നിട്ടുള്ളതെന്ന് വ്യക്തമാക്കണം. ജനവിരുദ്ധവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനകളുടെ കാര്യത്തിൽ യുഡിഎഫ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ തമ്മിൽ മത്സരത്തിലാണെന്നും പ്രളയ സാധ്യത മുൻകൂട്ടി കണ്ട് മുൻകരുതൽ എടുക്കുന്ന കാര്യത്തിൽ സർക്കാർ സംവിധാനം പൂർണ്ണമായി പരാജയപ്പെട്ടെന്നും ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് മണ്ഡലം കൺവീനർ കെ ബി അറുമുഖൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ, നേതാക്കളായ എസ് ശർമ, ഡിവിൻ കെ ദിനകരൻ, കെ എസ് അരുൺകുമാർ,അനിൽ കാഞ്ഞിലി, ടി വി നിധിൻ, എൻ ഐ പൗലോസ്, മുഹമ്മദ് ആലു, പി എസ് ഷൈല, ഷിറോൺ തൈവെപ്പിൽ, എം എൻ ശിവദാസൻ, എം ആർ ശോഭനൻ, പി പി അജിത്ത്കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *