സംവിധായകന് സനല്‍ കുമാര്‍ ശശിധരന് എതിരെ മാനനഷ്ടക്കേസുമായി ചലച്ചിത്ര താരം മഞ്ജു വാര്യര്‍. എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്കി. തനിക്കെതിരെ നിരന്തരം അപവാദപ്രചാരണങ്ങളും മോശം പരാമർശങ്ങളും സംവിധായകൻ നടത്തുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച എല്ലാ പോസ്റ്റുകളും ഉടൻ നീക്കം ചെയ്യണമെന്നും ഹർജിയിൽ താരം ആവശ്യപ്പെട്ടു.
മഞ്ജു വാര്യരുടെ സുരക്ഷ, ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നിവയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തിയവരികയാണ്. മഞ്ജു ചില റാക്കറ്റുകളുടെ പിടിയിലാണെന്നതടക്കമുള്ള ആരോപണങ്ങളും സംവിധായകൻ ഉന്നയിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് നടി കോടതിയെ സമീപിച്ചത്. നടിയും അഭിഭാഷകയുമായ ശാന്തി മായ ദേവി വഴിയാണ് മഞ്ജു വാര്യർ കോടതിയിൽ കേസ് ഫയൽ ചെയ്തത്. വിഷയത്തിൽ മെറ്റയ്ക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. മുൻപ്, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള സനല്‍കുമാറിന്റെ സാമൂഹികമാധ്യമ പോസ്റ്റുകള്‍ മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി മഞ്ജു വാര്യർ പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ സംവിധായകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
