കാറിനുള്ളിൽ കയറിയത് കൈകൂപ്പി പ്രാർഥിച്ച്; പിന്നെ പുറത്തിറങ്ങിയില്ല, ഒന്നര ദിവസത്തിന് ശേഷം മൃതദേഹം; ആലുവയിലെ അനിലയുടെ മരണത്തിൽ ദുരൂഹത

കൊച്ചി: ആലുവയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മരിക്കുന്നതിന് തൊട്ടുമുൻപ് അനില തോമസ് ഒറ്റയ്ക്ക് കാറിനരികിലേക്ക് നടന്നെത്തുന്നതും കൈകൂപ്പി പ്രാർഥിച്ചശേഷം വാഹനത്തിനുള്ളിൽ കയറുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കാറിനുള്ളിൽ പ്രവേശിച്ച ശേഷം യുവതി പിന്നീട് പുറത്തേക്ക് വന്നിട്ടില്ലെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്.
,
പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ അനില തോമസ് (46) ആണ് മരിച്ചത്. ഒന്നര ദിവസത്തോളം കാറിനുള്ളിൽ കിടന്നതിനെ തുടർന്ന് മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവമറിഞ്ഞ് അനിലയുടെ സഹോദരൻ സ്ഥലത്തെത്തി തുടർനടപടികളിൽ പങ്കെടുത്തു.

അനിലയുടെ മരണകാരണം വ്യക്തമാകാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ്. ആലുവ ചൂളിക്കരയിലെ അപാർട്മെന്റ് കോംപൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ അനിലയ്ക്ക് ഗുരുതരമായ ഹൃദ്രോഗമുണ്ടായിരുന്നതായും ആന്തരികാവയവങ്ങളിൽ കാര്യമായ തകരാറുകൾ ഉണ്ടായിരുന്നതായും കണ്ടെത്തി.

നേരത്തെ കരൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയകൾ അനിലയ്ക്ക് നടത്തിയിരുന്നതായും പരിശോധനയിൽ വ്യക്തമായി. വയറ്റിൽ ഏകദേശം 25 സെന്റീമീറ്റർ നീളമുള്ള ശസ്ത്രക്രിയാ പാടും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ ആക്രമണത്തിന്റെയോ മറ്റ് അസ്വാഭാവികതകളുടെയോ പ്രാഥമിക സൂചനകൾ ലഭിച്ചിട്ടില്ലെങ്കിലും വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ആന്തരാവയവങ്ങളുടെ സാമ്പിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.

അനിലയ്ക്ക് കടുത്ത പുകവലി ശീലമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഫൊറൻസിക് പരിശോധനാ ഫലങ്ങൾ ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ.

മൃതശരീരം കണ്ടെത്തിയ കാർ അപാർട്മെന്റിലെ മറ്റൊരു താമസക്കാരന്റേതാണ്. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതിനാൽ റീടെസ്റ്റിനായി നിർത്തിയിട്ടിരുന്ന വാഹനമായിരുന്നു ഇത്. കാറിന്റെ ഒരു വാതിൽ ലോക്ക് ചെയ്യാതെ കിടന്നിരുന്നതായും പൊലീസ് പറയുന്നു. കാർ ഉടമയും അനിലയും തമ്മിൽ പരിചയമുണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങളാണ് കേസിൽ ഇപ്പോൾ പ്രധാന തെളിവുകളിലൊന്ന്. പുലർച്ചെ ഒറ്റയ്ക്ക് കാറിനരികിലെത്തിയ അനില കൈകൾ കൂപ്പി പ്രാർഥിച്ചശേഷമാണ് വാഹനത്തിനുള്ളിൽ കയറിയത്. പിന്നീട് അവർ പുറത്തേക്ക് വന്നതായി ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. കാറിനുള്ളിലെ കടുത്ത ചൂട് മൃതദേഹം വേഗത്തിൽ ജീർണിക്കാൻ കാരണമായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തുടക്കത്തിൽ മൃതദേഹം തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. പരിശോധനകളിലൂടെയാണ് മരിച്ചത് മണ്ണാർക്കാട് സ്വദേശിയായ അനില തോമസാണെന്ന് സ്ഥിരീകരിച്ചത്.

മുൻപ് തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഐടി ജീവനക്കാരിയായിരുന്ന അനില, വിവാഹബന്ധം വേർപിരിഞ്ഞതിനു പിന്നാലെ കഴിഞ്ഞ നാല് മാസമായി ആലുവയിലെ അപാർട്മെന്റിൽ ഒറ്റയ്ക്കായിരുന്നു താമസം. അപാർട്മെന്റിലെ മറ്റ് താമസക്കാരുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

അനിലയുടെ വളർത്തുനായയുടെ കാര്യത്തിലും സംഭവത്തിനു പിന്നാലെ ശ്രദ്ധേയമായ വിവരങ്ങളാണ് പുറത്തുവന്നത്. പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയെ ഫ്ലാറ്റിനുള്ളിൽ ബന്ധിച്ച നിലയിലാണ് പൊലീസ് കണ്ടെത്തിയത്. അനില ഇടയ്ക്കിടെ നായയുമായി നടക്കാൻ പോകാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. പൊലീസ് കണ്ടെത്തുമ്പോൾ നായ കടുത്ത ദാഹവും വിശപ്പും അനുഭവിച്ചിരുന്ന നിലയിലായിരുന്നു.

തുടർന്ന് ഭക്ഷണവും വെള്ളവും നൽകിയ ശേഷം നായയെ മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ദയ അനിമൽ വെൽഫെയർ ഓർഗനൈസേഷന് കൈമാറി.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫൊറൻസിക് പരിശോധനാ ഫലങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച ശേഷമായിരിക്കും മരണത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *