യൂസഫ് അരിയന്നൂർ
ഗുരുവായൂർ: കോടികൾ ചെലവഴിച്ച് നിർമ്മിച്ച ഗുരുവായൂർ ദേവസ്വത്തിന്റെ അത്യാധുനിക ഹൈടെക് ഗോശാല ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ഭക്തർക്കായി തുറന്നുകൊടുത്തില്ലെന്ന് പരാതി. ഗണപതിക്ഷേത്രത്തിന് പിന്നിൽ, കിഴക്കേനടപ്പുരയോട് ചേർന്ന് നിർമ്മിച്ച ഗോശാലയുടെ കവാടം ഇപ്പോഴും ഭക്തർക്ക് മുന്നിൽ അടഞ്ഞുകിടക്കുകയാണ്. എല്ലാവർക്കും ശ്രദ്ധ കിട്ടുന്നതിനും എളുപ്പം പ്രവേശിക്കുന്നതിനും വേണ്ടിയാണ് കിഴക്കേനടയോട് ചേർന്ന് ഇതിന്റെ മുഖം ഒരുക്കിയിട്ടുള്ളത്. പഴയ ഗോശാല പൊളിച്ചുമാറ്റി 6 കോടി രൂപ ചെലവിലാണ് മൂന്ന് നിലകളുള്ള പുതിയ മന്ദിരം നിർമ്മിച്ചത്. പശുക്കൾക്ക് ആവശ്യാനുസരണം വെള്ളം ലഭിക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനം, മുകളിലത്തെ നിലകളിലേക്ക് പശുക്കളെ എത്തിക്കാനുള്ള ലിഫ്റ്റ്, ചാണകവും മൂത്രവും തനിയെ നീക്കം ചെയ്യാനുള്ള ക്രമീകരണങ്ങൾ എന്നിവ ഇവിടെയൊരുക്കിയിട്ടുണ്ട്. കൂടാതെ പ്രത്യേക സ്റ്റോർ മുറിയും ജീവനക്കാർക്കുള്ള വിശ്രമമുറികളും ഇതിലുണ്ട്. നിലവിൽ ജെല്ലിക്കെട്ട്, ജേഴ്സി, ഗീർ തുടങ്ങിയ മുന്തിയ ഇനങ്ങളും നാടൻ പശുക്കളുമടക്കം 15 പശുക്കളാണ് ഇവിടെയുള്ളത്. പശുക്കൾക്കുള്ള തീറ്റയും പുല്ലും ദേവസ്വമാണ് നൽകുന്നത്. ഒരു പശുപ്പാലകൻ ഒഴികെ ബാക്കിയുള്ള മേൽനോട്ട ചുമതലകളെല്ലാം പദ്ധതി സ്പോൺസർ ചെയ്ത പുതുക്കോട്ട മാണിക്യം ട്രസ്റ്റിന്റെ കീഴിലുള്ളവരാണ് നിർവ്വഹിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 10-നായിരുന്നു ഗോശാലയുടെ സമർപ്പണം നടന്നത്. എന്നാൽ ഉദ്ഘാടനത്തിന് ശേഷം കവാടത്തിന് മുകളിൽ വലിയ അക്ഷരത്തിൽ പേര് കൊത്തിവെച്ചിട്ടുള്ള ട്രസ്റ്റിന്റെ ആളുകൾക്ക് മാത്രമാണ് ഉള്ളിലേക്ക് പ്രവേശനമുള്ളത്. ഭക്തർക്ക് ഏതു സമയത്തും പശുക്കളെ സന്ദർശിക്കാനും പുല്ലും വൈക്കോലും വഴിപാടായി നൽകാനും ഗോപൂജ നടത്താനും സൗകര്യമൊരുക്കുമെന്നായിരുന്നു മുൻ ദേവസ്വം ഭരണസമിതിയുടെ പ്രഖ്യാപനം. ഇതിനായി പ്രത്യേക ഗോപൂജാമണ്ഡപവും തയ്യാറാക്കിയിട്ടുണ്ട്. ദേവസ്വവും സ്പോൺസർമാരായ ട്രസ്റ്റും തമ്മിൽ ഔദ്യോഗികമായി ധാരണാപത്രം (എം ഒ യു ) ഒപ്പുവെച്ച് കൈമാറാത്തതാണ് ഗോശാല തുറക്കാത്തതിന് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന. അതേസമയം, സ്പോൺസർഷിപ്പിന്റെ മറവിൽ ക്ഷേത്രനടയിലെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്ഥലം സ്വകാര്യ ട്രസ്റ്റിന്റെ പൂർണ്ണ നിയന്ത്രണത്തിൽ വിട്ടുകൊടുക്കുന്നതിനെതിരെ ഭക്തർക്കിടയിലും നാട്ടുകാർക്കിടയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.
