ശ്രീലങ്കൻ അണ്ടർ 19 ടീമിനെതിരെ മാനവ് കൃഷ്ണയ്ക്ക് സെഞ്ച്വറി

ശ്രീലങ്കൻ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടി സെഞ്ച്വറി നേടി മലയാളി താരം മാനവ് കൃഷ്ണ. മാനവിൻ്റെ ഇന്നിങ്സിൻ്റെ മികവിൽ ശ്രീലങ്കൻ ടീമിനെതിരെ ഇന്ത്യ കൂറ്റൻ സ്കോർ സ്വന്തമാക്കി. 153 പന്തുകളിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 100 റൺസാണ് മാനവ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒൻപത് വിക്കറ്റിന് 424 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 233 റൺസെടുത്ത സെനുജ വെകുനഗോഡയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാരായ ലക്ഷ്യ റായ്ചന്ദാനിയും സാഗർ വിർകും ചേർന്ന് ആദ്യ വിക്കറ്റിൽ 295 റൺസ് കൂട്ടിച്ചേർത്തു. ലക്ഷ്യ 207ഉം സാഗർ 134ഉം റൺസെടുത്തു. ആറാമനായി ബാറ്റ് ചെയ്യാനിറങ്ങിയ മാനവ് മധ്യനിരയിൽ ഉയർത്തിയ മികച്ച ഇന്നിങ്സാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. ടീമിൻ്റെ വിക്കറ്റ് കീപ്പർ കൂടിയാണ് മാനവ്.

കഴിഞ്ഞ സീസണിൽ 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബിഹാർ ട്രോഫിയിലടക്കം കേരളത്തെ നയിച്ചത് മാനവ് ആയിരുന്നു. രണ്ട് സെഞ്ച്വറികളടക്കം സീസണിൽ ഉടനീളം കാഴ്ച വച്ച മികവാണ് ദേശീയ അണ്ടർ 19 ടീമിലേക്ക് വഴിതുറന്നത്. കഴിഞ്ഞ ജനുവരിയിൽ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ച മാനവ് ബിസിസിഐയുടെ സെൻ്റർ ഫോർ എക്സലൻസ് ക്യാമ്പിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. സഹോദരൻ മാധവ് കൃഷ്ണയും കേരളത്തിൻ്റെ അണ്ടർ 19 ടീമിലെ അംഗമാണ്. ഉണ്ണികൃഷ്ണൻ ശ്രീകണ്ഠനാണ് പിതാവ്. തിരുവനന്തപുരത്തെ ഷൈൻസ് ക്രിക്കറ്റ് അക്കാദമിയിലെ എസ്. എസ്. ഷൈൻ ആണ് മാനവിൻ്റെ പരിശീലകൻ.

കഴിഞ്ഞ ദിവസം നടന്ന കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിൽ മാനവിനെ തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയിരുന്നു. ഒന്നര ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മാനവിനെ 2.90 ലക്ഷത്തിലാണ് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *