‘ലഹരിയിലേക്കല്ല ലയത്തിലേക്ക്’ ബോധവത്കരണ പരിപാടിക്ക് തുടക്കമായി
തൃശൂർ: വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരേ നൃത്തത്തിലൂടെ വേറിട്ട ബോധവത്കരണവുമായി ഗിന്നസ് ജേതാവ് കലാമണ്ഡലം ഹേമലത രംഗത്ത്. ‘വാക്കുകൾ പരാജയപ്പെടുന്നിടത്ത് കല സംസാരിക്കുന്നു’ എന്ന ആപ്തവാക്യം മുൻനിർത്തി കേരളത്തിലുടനീളമുള്ള സ്കൂളുകളിലാണ് ഈ നൃത്ത ബോധവത്കരണ യാത്ര സംഘടിപ്പിക്കുന്നത്. ‘ലഹരിയിലേക്കല്ല ലയത്തിലേക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ മെഗാ പരിപാടിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനം മാർത്തോമ്മ ജി.എച്ച്.എസ്.എസിൽ നടന്നു.
തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.ഐ. അനുശ്രുതി സി. ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. നമ്മുടെ കാലുകൾ ചലിക്കേണ്ടത് ലഹരിയുടെ വഴികളിലേക്കല്ല, മറിച്ച് നന്മയുടെ താളത്തിലേക്കാകണമെന്നും ജീവിതം മയക്കുമരുന്നിന്റെ ഇരുട്ടിലേക്ക് വീണുപോകാതെ കലയുടെ പ്രകാശത്തിലേക്ക് നയിക്കണമെന്നുമുള്ള സന്ദേശമാണ് കലാമണ്ഡലം ഹേമലത ഈ നൃത്താവിഷ്കാരത്തിലൂടെ കുരുന്നുകൾക്ക് പകരുന്നത്.
തുടർച്ചയായി നൃത്തം ചെയ്ത് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ കലാമണ്ഡലം ഹേമലതയുടെ ഈ വേറിട്ട കാമ്പെയ്ൻ വൻ സ്വീകാര്യതയോടെയാണ് മുന്നേറുന്നത്. രണ്ട് മാസത്തോളം നീണ്ടുനിൽക്കുന്ന ഈ വിപുലമായ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഇതിനോടകം അഞ്ച് സ്കൂളുകളിൽ വിജയകരമായി അവതരണം പൂർത്തിയായിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ തൃശൂർ ജില്ലയിലെ പത്തോളം സ്കൂളുകളിൽക്കൂടി പരിപാടി അവതരിപ്പിക്കുന്നതിനായുള്ള ബുക്കിങ്ങുകൾ നിലവിൽ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും തൃശൂരിലെ വിവിധ സ്കൂളുകളിലായിരിക്കും ഹേമലതയുടെ നൃത്തച്ചുവടുകൾ ലഹരിവിരുദ്ധ സന്ദേശവുമായി എത്തുക.
തൃശൂർ മാർത്തോമ്മ ജി.എച്ച്.എസ്.എസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ റിൻസ് പി. സെബാസ്റ്റ്യൻ, മേരി മാലിറ്റ്, സ്വപ്ന സജീവ്, ദീപ്തി രാമൻകുട്ടി, ഡോ. ശില്പ, രേണുക ഗോപി, സ്വരൂപ് ദേവ്, പി.ബി. ജയൻ, സൗരവ് ബാൽ, കെ.ബി. പ്രമോദ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു. കലയെ പ്രതിരോധത്തിന്റെ മികച്ച ആയുധമാക്കിക്കൊണ്ടുള്ള ഈ കാമ്പെയ്ൻ വരും ദിവസങ്ങളിൽ കേരളത്തിലുടനീളമുള്ള വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
മയക്കുമരുന്നിനെതിരേ നൃത്തച്ചുവടുകളുമായി ഗിന്നസ് ജേതാവ് കലാമണ്ഡലം ഹേമലത
