ലഹരി വിരുദ്ധ ദിനത്തിൽ ‘അമൽ’ ക്യാമ്പയിന് തുടക്കമിട്ട് ഡോം ഖത്തർ

ദോഹ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26 നോടനുബന്ധിച്ച് ഡയസ്പോറാ ഓഫ് മലപ്പുറം (ഡോം ഖത്തർ) സംഘടിപ്പിക്കുന്ന ആറുമാസം നീണ്ടുനിൽക്കുന്ന ‘അമൽ’ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി. യുവതലമുറയിൽ ലഹരിവിരുദ്ധ അവബോധം ശക്തിപ്പെടുത്തുകയും സമൂഹത്തിന്റെ വിവിധ മേഖലകളെ ഏകോപിപ്പിച്ച് ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.കെ.അബ്ദുറഹ്മാൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സിദ്ദിഖ് വാഴക്കാട് സ്വാഗതം ആശംസിച്ചു. ഡോം ഹെൽത്ത് വിംഗ് ചെയർമാൻ ഡോ. ഷെഫീഖ് താപ്പി ക്യാമ്പയിന്റെ ലക്ഷ്യങ്ങളും പ്രവർത്തന പദ്ധതികളും വിശദീകരിച്ചു.

കേരള ലഹരി നിർമാർജന സമിതി സെക്രട്ടറി ഇ.കെ. അബ്ദുൽ ലത്തീഫ് ഫറൂഖ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ലഹരി ഉപയോഗം സമൂഹത്തിലും കുടുംബങ്ങളിലും സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അതിനെതിരെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും കൈകോർക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. റിനി ഷൗക്കത്ത് ആശംസകൾ നേർന്നു.
ഫോക് ഖത്തർ പ്രസിഡണ്ട്‌ കെ.കെ ഉസ്മാൻ ലഹരി വിരുദ്ധ പ്രതിജ്ഞക്ക്‌ നേതൃത്വം നൽകി. വിവിധ സംഘടനാ പ്രതിനിധികൾ ഡോം ഖത്തറിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യം അറിയിച്ചു.

ചടങ്ങിൽ ഖത്തർ വനിതാ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഖത്തറിനെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുത്ത മലപ്പുറം കൊണ്ടോട്ടി സ്വദേശിനി ജസ റഫീഖിനെ ആദരിച്ചു. അഷ്റഫ് സഫ വാട്ടർ, ഡോ. ഹംസ സുവൈദി, മുസ്തഫ സ്റ്റാർ വാഷ്, ശ്രീധർ, മൈമൂന സൈനുദ്ധീൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സെക്രട്ടറി യൂസുഫ് പഞ്ചിളി നന്ദി രേഖപ്പെടുത്തി.

ആറുമാസക്കാലം നീണ്ടുനിൽക്കുന്ന ‘അമൽ’ ക്യാമ്പയിന്റെ ഭാഗമായി ഖത്തറിലും ഇന്ത്യയിലുമായി വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് സ്കൂൾ വിദ്യാർഥികളെയും യുവജനങ്ങളെയും കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പരിപാടികൾക്ക് മുൻഗണന നൽകും. വിദ്യാർഥികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ സെമിനാറുകൾ, ക്ലാസുകൾ, സംവാദങ്ങൾ, പരിശീലന പരിപാടികൾ, കാമ്പസുകളിലെ ബോധവൽക്കരണ ക്യാമ്പയിനുകൾ എന്നിവ സംഘടിപ്പിക്കും.

കൂടാതെ, ഖത്തറിലെ മന്ത്രാലയങ്ങളുമായി ഏകോപിച്ചുകൊണ്ട് സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനുള്ള സംയുക്ത പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായുണ്ടാകും. സാമൂഹിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യരംഗത്തെ വിദഗ്ധർ, യുവജന കൂട്ടായ്മകൾ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ മുന്നോട്ട് കൊണ്ടുപോകുന്നത്.

ലഹരിയില്ലാത്ത സമൂഹം എന്ന സന്ദേശം ശക്തമായി പ്രചരിപ്പിക്കുകയും യുവതലമുറയെ സുരക്ഷിതവും ആരോഗ്യകരവുമായ ഭാവിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘അമൽ’ ക്യാമ്പയിൻ നടപ്പാക്കുന്നത്.

രതീഷ് കക്കോവ്, പി.സി. നൗഫൽ കട്ടൂപ്പാറ, അബി ചുങ്കത്തറ, ഷംല ജാഫർ, രാഹുൽ ശങ്കർ, സുരേഷ് ബാബു, ഇർഫാൻ ഖാലിദ്, ശരത് ചന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *