പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന നേതൃത്വ സംഗമവും ആദരവും
കൊടുങ്ങല്ലൂരിൽ.
കേരള സർക്കാരിന്റെ പ്രവാസി പെൻഷൻ ഗുണോഭോക്താക്കളുടെ കേന്ദ്രീയ സംഘടനയായ പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന നേതൃത്വ സംഗമവും സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും ഇന്ത്യയിലെ ആദ്യ പ്രവാസി സംഘടനയായി 1988 – ൽ രൂപീകരിച്ചു 2005 വരെ പ്രവർത്തിച്ച ആൾ കേരള ഗൾഫ് റിട്ടേണിസ് ഓർഗനൈസേഷൻ സ്ഥാപക – ഔദ്യോഗിക ഭാരവാഹികളായി പ്രവർത്തിച്ച നേതാക്കള ആദരിക്കുകയും ചെയ്യുന്നു.
ഈ മാസം 16-ാം തീയതി ശനിയാഴ്ച
രാവിലെ 1 1 മണിയ്ക്കു കൊടുങ്ങല്ലൂർ ഗവ: റെസ്റ്റ് ഹൗസ് ഹാളിൽ സമ്മേളനം ആരംഭിക്കുമെന്നു സ്വാഗത സംഘം ചെയർമാൻ നാസർ
വലിയറ,കൺവീനറന്മാരായ അനിൽകുമാർ, ബെന്നി കാവാലം കുഴി, ബഷീർ കൊല്ലത്തു വീട്ടിൽ എന്നിവർ അറിയിച്ചു.
ഇന്നു കാണുന്ന പ്രവാസി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിന് പ്രേരകമായ ആൾ കേരള ഗൾഫ് റിട്ടേണീസ്” ഓർഗനൈസേഷൻ എന്ന സംഘടനയുടെ സ്ഥാപകരടക്കമുള്ള നേതാക്കളെ ആദരി ക്കുന്നത് അവർ ചെയ്ത് തീർത്ത കർമ്മ പഥങ്ങൾക്ക് അംഗീകാരമാണെന്നു ഇവർ അറിയിച്ചു. 1988 മുതൽ 2002 വരെയുള്ള കാലഘട്ടത്തിൽ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഭഗീരഥ യത്നത്തിന്റെ ഫലമാണു നോർക്കാവകുപ്പും അനുബന്ധ സ്ഥാപനങ്ങളുമെന്നും അവർ ചൂണ്ടിക്കാട്ടി.
പെൻഷൻ പ്രായം പരിഷ്ക്കരിക്കുക, പെൻഷൻ ലഭിക്കുന്നതിൽ കാലതാമസം ഒഴിവാക്കുക, അംശാദയത്തിൻ മേലുള്ള പിഴ പലിശ ഒഴിവാക്കുക, നോർക്കാ റൂട്ട്സ് തൊഴിൽ പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക, വിദേശങ്ങളിൽ കഴിയുന്നവർക്ക് ജീവിത സുരക്ഷ ഉറപ്പാക്കുക, മടങ്ങിയെത്തുന്നവർക്കായുള്ള പുനരധിവാസ പദ്ധതി പൂർണ്ണമായും നടപ്പിലാക്കുക, വിവിധ ഭരണ സമിതികളിൽ സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തുക, പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ വത്ക്കരണം ഒഴിവാക്കുക എന്നീ പ്രശ്നങ്ങളെക്കുറിച്ച് നേതൃത്വ സംഗമം ചർച്ച ചെയ്യപ്പെടും. വിദേശ പ്രതിനിധികളടക്കം നിരവധി പേർ പങ്കെടുക്കും. രാവിലെ 11 മണിക്ക് കുവൈറ്റ് ദാലിയാ ഗ്രൂപ്പ് ചെയർമാൻ ഡോ.അബ്ദുള്ള ഹംസ സംഗമം ഉദ്ഘാടനം ചെയ്യും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ്വിൽ അംബാസിഡർ ജോസ് കോലത്ത് ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ സമർപ്പിക്കും. സംസ്ഥാന പ്രസിഡണ്ട് ടി.എം. ഷാഫി അധ്യക്ഷത വഹിക്കും. വൈകുന്നേരം 4.30 ന് സമാപന സമ്മേളനത്തിൽ എൻ.ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ സെൻട്രൽ കമ്മിറ്റി ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും.
പ്രവാസി നേതൃത്വ സംഗമം വിജയിപ്പിക്കുവാൻ മടങ്ങിയെത്തിയവരുൾപ്പെടെയുള്ള എല്ലാ പ്രവാസികളുടെ സാന്നിധ്യം ഭാരവാഹികൾ അഭ്യർത്ഥിച്ചു.
