പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവം; ‘ഉന്നതരായ വ്യക്തികളുടെ പേരിൽ പോലും കേസെടുത്തിട്ടുണ്ട്, ഇക്കാര്യത്തിൽ യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ല’; കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കണമെന്ന് മന്ത്രി സിപി ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ, ലൈസൻസില്ലാതെ വാഹനങ്ങൾ റോഡിലേക്ക് ഇറക്കി അപകടങ്ങൾ വരുത്തിവെക്കുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വിഷയത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഗതാഗതമന്ത്രി സി.പി ജോൺ. കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവങ്ങളിൽ കുട്ടികൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം രക്ഷിതാക്കൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾ വാഹനം എടുത്ത് റോഡിലേക്ക് ഇറങ്ങുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ രക്ഷിതാക്കളാണ്. കുട്ടികളെ നിയന്ത്രിക്കാൻ രക്ഷിതാക്കൾക്ക് കഴിയുന്നില്ലെങ്കിൽ അവരുടെ വീട്ടിലെ വാഹനം വിൽക്കണമെന്നും, വാഹനം വേണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് മാതാപിതാക്കൾ താക്കോൽ കൈമാറരുതെന്ന കർശന നിർദേശമാണ് മന്ത്രി നൽകിയിരിക്കുന്നത്.പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച സംഭവങ്ങളിൽ ഉന്നതരായ വ്യക്തികളുടെ പേരിൽ പോലും കേസെടുത്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി സി.പി ജോൺ പറഞ്ഞു. 16, 17 വയസ്സുള്ള കുട്ടികൾക്ക് ഉപദേശം നൽകിയതുകൊണ്ട് വലിയ കാര്യമുണ്ടാകുമെന്ന് കരുതുന്നില്ല. രക്ഷിതാക്കളുടെ വാഹനങ്ങൾ കുട്ടികൾക്ക് ഉപയോഗിക്കാൻ നൽകാതിരിക്കുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. മത്സരയോട്ടത്തിന് പ്രധാന കാരണങ്ങളിലൊന്ന് കാലഹരണപ്പെട്ട സമയക്രമമാണെന്ന് ഗതാഗതമന്ത്രി ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകൾ പഴക്കമുള്ള സമയക്രമത്തിലാണ് സ്വകാര്യ ബസുകൾ ഇപ്പോഴും സർവീസ് നടത്തുന്നത്. ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ രണ്ടര മിനിറ്റ് മതിയെന്നാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ എറണാകുളം, കണ്ണൂർ തുടങ്ങിയ നഗരങ്ങളിൽ ഗതാഗതക്കുരുക്ക് കാരണം ഈ സമയത്തിനുള്ളിൽ ബസുകൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നില്ല. നിശ്ചിത സമയത്തിനുള്ളിൽ എത്താനായില്ലെങ്കിൽ നടപടികൾ നേരിടേണ്ടിവരുന്നതും മത്സരയോട്ടത്തിന് കാരണമാകുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.ഈ സാഹചര്യം പരിഹരിക്കുന്നതിനുള്ള നടപടികളാണ് ഗതാഗതമന്ത്രി എന്ന നിലയിൽ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗവ.സേവനങ്ങൾ

ഇതിന്റെ ഭാഗമായി കണ്ണൂരിൽ ആർ.ടി.ഒയുടെ യോഗത്തിൽ പീക്ക് ടൈം, നോൺ പീക്ക് ടൈം എന്നിവ പരിഗണിച്ച് ബസുകൾക്ക് ഫ്ലെക്സി ടൈം അനുവദിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സമയക്രമം പുനഃപരിശോധിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുകയും നടപടികൾ സ്വീകരിച്ചുവരികയുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമലംഘനം നടത്തുന്ന ഡ്രൈവർമാരെയും ബസ് ഉടമകളെയും മാത്രം പിടികൂടി നടപടി സ്വീകരിച്ചതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമാകില്ല. ബസുകൾക്ക് മതിയായ സമയം അനുവദിച്ചശേഷവും നിയമലംഘനം തുടരുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *