കോഴിക്കോട്: ഓണറേറിയം വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ആശാ വര്‍ക്കര്‍മാര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (CITU) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. ഈ മാസം 11 മുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും.
പ്രതിമാസ ഓണറേറിയം 21,000 രൂപയായി ഉയര്‍ത്തുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. ഇന്‍സെന്റീവ് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, മെഡിക്കല്‍ ലീവ് അനുവദിക്കുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവയ്ക്കുന്നുണ്ട്. സംസ്ഥാന നേതാക്കള്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സമരപരിപാടികള്‍ പ്രഖ്യാപിച്ചത്.
പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ നേരത്തെ 265 ദിവസത്തിലധികം നീണ്ട സമരം നടത്തിയിരുന്നു.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അധികാരത്തിലെത്തിയാല്‍ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 21,000 രൂപയായി ഉയര്‍ത്തുമെന്ന് യു.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, 2026 മേയില്‍ അധികാരമേറ്റ പുതിയ സര്‍ക്കാര്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഓണറേറിയത്തില്‍ 3,000 രൂപയുടെ വര്‍ധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ 9,000 രൂപയായിരുന്ന പ്രതിമാസ ഓണറേറിയം 12,000 രൂപയായി ഉയര്‍ന്നു.
വാഗ്ദാനം ചെയ്ത 21,000 രൂപ പൂര്‍ണമായി നടപ്പാക്കിയില്ലെന്ന വിമര്‍ശനവുമായി മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഓണറേറിയം വര്‍ധനയെ സ്വാഗതം ചെയ്യുമ്പോഴും 21,000 രൂപയെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (KAHWA) വ്യക്തമാക്കിയിട്ടുണ്ട്.
