പ്രകൃതിയുടെ ശുചീകരണത്തൊഴിലാളിയായ ബ്ലാക്ക് സോൾജിയർ ഈച്ചയെ (Black Soldier Fly – Hermetia illucens) അതിശയിപ്പിക്കുന്ന ദൃശ്യമിഴിവോടെ പകർത്തി തിരുവനന്തപുരം വെള്ളായണി കായലിന്റെ സ്വന്തം ഫോട്ടോഗ്രാഫർ സന്തോഷ് കായൽ.
കടന്നലുകളോട് സാദൃശ്യമുണ്ടെങ്കിലും രോഗങ്ങൾ പരത്താത്തതും മനുഷ്യർക്ക് തികച്ചും ഉപദ്രവകാരിയല്ലാത്തതുമായ ഈ അപൂർവ്വ ഈച്ചയെ കണ്ടെത്താൻ കഠിനമായ പരിശ്രമമാണ് അദ്ദേഹം നടത്തിയത്. ജൈവമാലിന്യങ്ങളെ മികച്ച വളമാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഈ പ്രാണിയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ വെള്ളായണി അസിസ്റ്റന്റ് പ്രൊഫസർ അനുജ് എസ് ആണ് അദ്ദേഹത്തിന് പങ്കുവെച്ചത്.
വലിയ കണ്ണുകളും വേറിട്ട ശരീരപ്രകൃതിയുമുള്ള ഈ ഈച്ച, പ്രായപൂർത്തിയായാൽ ഭക്ഷണം കഴിക്കാതെ കുറഞ്ഞ ദിവസങ്ങൾ മാത്രം ജീവിച്ചിരുന്ന് മുട്ടയിടുന്ന സവിശേഷ സ്വഭാവമുള്ളതാണ്. അതിരാവിലെ തന്നെ കഠിനമായ ശ്രദ്ധയോടെയും സമർപ്പണത്തോടെയും വെള്ളായണി കായൽതീരത്തെ പ്രാണികളെയും പക്ഷികളെയും ക്യാമറയിൽ പകർത്തുന്ന സന്തോഷ് കായൽ, തന്റെ ജൈത്രയാത്രയിലൂടെ പ്രകൃതിസ്‌നേഹികൾക്ക് വിസ്മയകരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്.
വെള്ളാണിയുടെ പ്രകൃതിക്കൂട്ടുകാരൻ: ബ്ലാക്ക് സോൾജിയർ ഈച്ചയെ ക്യാമറയിലാക്കി ഫോട്ടോഗ്രാഫർ സന്തോഷ് കായൽ
