പിണറായി വിജനെതിരെ കേസെടുക്കണമെന്ന ഇ ഡി കത്തിലും കോടതി പരാമര്‍ശങ്ങളിലും പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇ ഡി കത്ത് നല്‍കിയെങ്കിലും കേസെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യമായ ധൃതി കാണിച്ചില്ലെന്നും ഏതെങ്കിലും തരത്തിലുള്ള വ്യക്തി വൈരാഗ്യം വച്ച് പെരുമാറാന്‍ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമപരമായ വഴിയിലൂടെയാണ് സര്‍ക്കാര്‍ നീങ്ങിയത്. കേസില്‍ എഫ്‌ഐആര്‍ ഇടുമെന്നും അദ്ദേഹം വ്യക്തമാക്കി.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് എല്ലാ നിയമവശങ്ങളും സര്‍ക്കാര്‍ പരിശോധിച്ചുവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ലളിതകുമാരി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് യുപി വിധി കൂടി കണക്കിലെടുത്തുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് തീരുമാനിച്ചത്. ചാടിക്കയറി ഇതില്‍ ഒന്നും ചെയ്യാന്‍ തയ്യാറായിട്ടില്ല. നിയമം അതിന്റെ വഴിക്ക് പോകട്ടേ എന്നായിരുന്നു മുമ്പും ഇപ്പോഴും നിലപാട്. ഡയറിയില്‍ കുറിച്ച് വച്ചതിനൊന്നും കേസെടുക്കണമെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
