കർഷകരെ വഞ്ചിക്കില്ല മന്ത്രി ടി. സിദ്ദിഖ്

പീരുമേട് : സംസ്ഥാന സർക്കാരിന്റെ ‘പുതുയുഗ കേരളം’ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പ്രോജക്ട് അധിഷ്ഠിത പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ സെക്കൻഡറി പ്രോസസിംഗ് യൂണിറ്റും, മരിയാപുരം എവർഗ്രീൻ കാർഡമം ഡ്രയേഴ്സ് ആൻഡ് സ്പൈസസിന്റെ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രൈമറി പ്രോസസിംഗ് യൂണിറ്റുമാണ് ഉദ്ഘാടനം ചെയ്തത്.

ഇതോടൊപ്പം നടത്താനിരുന്ന ഹോർട്ടികോർപ്പിന്റെ മൂന്നാറിലെ ഇന്റഗ്രേറ്റഡ് പായ്ക്ക് ഹൗസ് കെട്ടിടത്തിന്റെ പണിപൂർത്തിയാകാത്തതിനാൽ, കർഷകരെ വഞ്ചിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് ആ പദ്ധതിയുടെ ഉദ്ഘാടനം മാറ്റി വെച്ചു. തുടർന്ന് പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഫുഡ് പ്രോസസിങ് യൂണിറ്റ് സന്ദർശിച്ച മന്ത്രി, സൊസൈറ്റിയുടെ പുതിയ യൂണിറ്റായ മല്ലി-മുളക് മസാലകൾ പൊടിക്കുന്ന ഫാക്ടറിയുടെ ഉദ്ഘാടന കർമ്മവും നിർവഹിച്ചു. ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെട്ട ജലവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളും ചർച്ചകളും സജീവമായി നടക്കുകയാണെന്നും, ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാനതലത്തിൽ നൽകുമെന്നും മന്ത്രി പറഞ്ഞു.

പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ കേരളം മിഷൻ ഡയറക്ടർ ആശ എസ്. പദ്ധതി വിശദീകരണം നടത്തി. മികച്ച കർഷക കൂട്ടായ്മയ്ക്കുള്ള അവാർഡ് വണ്ടിപ്പെരിയാർ കൃഷിഭവന് കീഴിലുള്ള കർഷക കൂട്ടായ്മയ്ക്ക് സമ്മാനിക്കുകയും, സംസ്ഥാനതല അവാർഡ് ജേതാക്കളെ ആദരിച്ച് ക്യാഷ് അവാർഡുകൾ നൽകുകയും ചെയ്തു. ചടങ്ങിൽ വിശിഷ്ടാതിഥികളായ പി.ഡി.എസ് മാനേജിങ് പാർട്ണർ മാർ ജോസ് പുളിക്കൽ, പി.ഡി.എസിന്റെ സ്ഥാപകൻ മാർ മാത്യു അറയ്ക്കൽ എന്നിവരെയും ആദരിച്ചു.

ഇടുക്കി എം.എൽ.എ അഡ്വ. റോയ് കെ. പൗലോസ്, ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടറും ഹോർട്ടികോർപ്പ് പ്രതിനിധിയുമായ സിന്ധു എസ്., കെ.വി.കെ ശാന്തൻപാറ ശാസ്ത്രജ്ഞൻ ഡോ. സുധാകർ സൗന്ദർരാജ്, ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡീന എബ്രഹാം, മറ്റ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ പ്രദേശങ്ങളിലെ കർഷകർ, കർഷക കൂട്ടായ്മ അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *