ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധം. ഡൽഹിയിൽ പ്രതിപക്ഷ എംപിമാരുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കുള്ള മാർച്ചിന് നേരെ വൻ പൊലീസ് സന്നാഹം.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) വഴി കോടിക്കണക്കിന് വോട്ടർമാരെ ഒഴിവാക്കുന്നുവെന്നാരോപിച്ചാണ് INDIA സഖ്യത്തിന്റെ പ്രതിഷേധം. ഫോറം 6-ൽ മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിരീക്ഷണം നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
ഇന്നലെ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ആകാശവാണി ഭവനിൽ കുത്തിയിരിപ്പ് സമരം നടത്തിയ നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇന്ന് ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ചും പൊലീസ് തടഞ്ഞു.
അതേസമയം ബംഗളൂരുവിൽ ഇന്ന് ഫ്രീഡം പാർക്കിൽ നടക്കുന്ന സിജെപി (Cockroach Janta Party) യുടെ SIR വിരുദ്ധ പ്രതിഷേധത്തിലേക്ക് പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി എത്തുമെന്ന് നടൻ പ്രകാശ് രാജ് അറിയിച്ചു. രാവിലെ 10.30ന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവരുടെ പീപ്പിൾസ് ട്രൈബ്യൂണലും നടക്കും.
ഒക്ടോബർ 10ന് ഡൽഹി ജന്തർ മന്തറിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹി മധ്യമേഖലയിൽ നൂറുകണക്കിന് പൊലീസുകാരെ വിന്യസിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
