ശ്രീനാരായണ ദിവ്യജ്യോതി പര്യടനം — നാലാം ദിവസം

ഗുരുദേവന്റെ കരുണാകിരണങ്ങൾ ഹൃദയങ്ങളിൽ പകരാനും, “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന മഹാസന്ദേശം ജനഹൃദയങ്ങളിൽ വീണ്ടും ഉണർത്താനും മുന്നേറുന്ന ശ്രീനാരായണ ദിവ്യജ്യോതി പര്യടനം ഭക്തിസാന്ദ്രമായ നാലാം ദിനത്തിലേക്ക് കടന്നു.172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം നോർത്ത് പറവൂർ യൂണിയന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 19 മുതൽ 23 വരെ നടക്കുന്ന ദിവ്യജ്യോതി പര്യടനത്തിന്റെ നാലാം ദിവസത്തെ യാത്ര രാവിലെ 10 മണിക്ക് എളന്തിക്കര ശാഖയിൽ നിന്ന് ആരംഭിച്ചു. ഗുരുദേവസ്മരണകളും പ്രാർത്ഥനകളും നിറഞ്ഞ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച ദിവ്യജ്യോതി പാല്യത്തുരുത്ത് ശാഖയിൽ എത്തി സമാപനം കുറിച്ചു.ഓരോ ശാഖയിലും ദിവ്യജ്യോതിയെ വരവേറ്റപ്പോൾ, അത് ഒരു വിളക്കിന്റെ പ്രകാശം മാത്രമായിരുന്നില്ല; ഗുരുദേവൻ പകർന്ന സ്നേഹത്തിന്റെയും സമത്വത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശത്തിന്റെ പ്രകാശമായിരുന്നു.ജാഥാ ക്യാപ്റ്റൻ യൂണിയൻ കൺവീനർ ശ്രീ ഷൈജു മനക്കപ്പടിയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി. യോഗം ചെയർമാൻ ശ്രീ എൻ. രാധാകൃഷ്ണൻ, യോഗം കൗൺസിലർ ഷീബ ടീച്ചർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീ പി. എസ്. ജയരാജ്, ശ്രീ എം. പി. ബിനു, ഇൻസ്പെക്ടിങ് ഓഫീസർ ശ്രീ ഡി. ബാബു, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കണ്ണൻ കൂട്ടുകാട്, വി. എൻ. നാഗേഷ്, കെ. ബി. സുഭാഷ്, ടി. എം. ദിലീപ്, വി. പി. ഷാജി എന്നിവരും യൂണിയൻ തല പോഷക സംഘടനാ ഭാരവാഹികളും യാത്രയ്ക്ക് നേതൃത്വം നൽകി.ദിവ്യജ്യോതിയുടെ ഓരോ ചുവടും ഗുരുദേവന്റെ മഹത്തായ ദർശനത്തിലേക്ക് നമ്മെ കൂടുതൽ അടുപ്പിക്കുകയാണ്. ഇരുട്ടിനെ അകറ്റുന്ന ഒരു വിളക്കുപോലെ, മനുഷ്യഹൃദയങ്ങളിലെ വേർതിരിവുകൾ അകറ്റി സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രകാശം പകരുകയാണ് ഈ പുണ്യയാത്ര.ഗുരുദേവന്റെ ദിവ്യജ്യോതി തെളിയട്ടെ…മനസ്സുകളിൽ സ്നേഹം നിറയട്ടെ…“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശം തലമുറകളിലേക്ക് പകരട്ടെ…

Leave a Reply

Your email address will not be published. Required fields are marked *