ദൈനംദിന വ്യക്തിഗത സേവനങ്ങൾക്കും ഔട്ട്ഡോർ ജോലികൾക്കുമായി ‘ഹയർ ആൻഡ് ഏജന്റ്’ മൊബൈൽ ആപ്പുമായി മലയാളി സ്റ്റാർട്ടപ്പ്

തിരക്കേറിയ ജീവിതത്തിൽ സമയം ലാഭിക്കാൻ വിശ്വസ്തരായ ഏജന്റുമാരുടെ സേവനം; ഒപ്പം സാധാരണക്കാർക്ക് സ്വയംതൊഴിൽ അവസരവും

തൃശ്ശൂർ: ആധുനിക ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ദൈനംദിന വ്യക്തിഗത ആവശ്യങ്ങളും വീടിനു പുറത്തുള്ള വിവിധ ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കാൻ വിശ്വസ്തരായ ഏജന്റുമാരുടെ സേവനം ലഭ്യമാക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ ‘ഹയർ ആൻഡ് ഏജന്റ്’ പുറത്തിറക്കി. മലയാളി സ്റ്റാർട്ടപ്പ് സംരംഭമായ ‘കാസ്കാഡ് ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്’ ആണ് ഈ നൂതന ആശയം മുൻനിർത്തിയുള്ള ആപ്പ് അവതരിപ്പിച്ചത്.
കോട്ടയം കടുത്തുരുത്തി സ്വദേശിയും ഐ.ടി. പ്രൊഫഷണലുമായ അമൽ എബ്രഹാം ആണ് സ്ഥാപകൻ.

അക്ഷയ സെന്ററുകൾ, വിവിധ സർക്കാർ-സ്വകാര്യ ഓഫീസുകൾ, ബാങ്കുകൾ എന്നിവടങ്ങളിലെ ക്യൂവിൽ നിൽക്കുക, ആശുപത്രികളിൽ ഒപി ടിക്കറ്റുകൾ എടുക്കുക, മെഡിസിൻ വാങ്ങുക, രോഗികൾക്ക് കൂട്ടിരിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഇനിമുതൽ ഈ ആപ്പിലൂടെ ഏജന്റുമാരുടെ സഹായം തേടാം.
കൂടാതെ, വാടകയ്‌ക്കോ വിലയ്‌ക്കോ വീടുകൾ നോക്കുന്നവർക്കായി ഏജന്റുമാർ നേരിട്ടെത്തി സ്ഥലപരിശോധന നടത്തി വീഡിയോകളും മറ്റ് വിവരങ്ങളും തത്സമയം അയച്ചുനൽകുന്ന റിയൽ എസ്റ്റേറ്റ് വെരിഫിക്കേഷൻ സേവനവും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

പ്രധാനപ്പെട്ട ഡോക്യുമെന്റുകളും പാർസലുകളും സുരക്ഷിതമായി നിശ്ചിത സ്ഥലങ്ങളിൽ എത്തിക്കുന്നതിനുള്ള ഡെലിവറി സേവനവും ഇതിലൂടെ ലഭ്യമാകും.
ഉപഭോക്താക്കളുടെ ആവശ്യാനുസരണം അരമണിക്കൂറോ ഒരു മണിക്കൂറോ അല്ലെങ്കിൽ നിർദ്ദിഷ്ട സമയ പരിധിയിലേക്കോ ഏജന്റുമാരെ കുറഞ്ഞ ചെലവിൽ വാടകയ്‌ക്കെടുക്കാൻ ആപ്പിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
നിലവിൽ കൊച്ചി നഗര കേന്ദ്രീകൃതമായാണ് സേവനം ആരംഭിച്ചിട്ടുള്ളതെങ്കിലും ഉടൻ തന്നെ കേരളത്തിലുടനീളം പ്രവർത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സേവനങ്ങൾക്കൊപ്പം തന്നെ കേരളത്തിലെ യുവാക്കൾക്ക് മികച്ചൊരു സ്വയംതൊഴിൽ അവസരം കൂടി ഈ പ്ലാറ്റ്‌ഫോം മുന്നോട്ടുവെക്കുന്നുണ്ട്.കേരളത്തിലെ ഏത് ഭാഗത്തുള്ളവർക്കും ഈ ആപ്പിലൂടെ സൗജന്യമായി ഏജന്റായി രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.

സ്വന്തമായി ഇരുചക്രവാഹനവും ഡ്രൈവിംഗ് ലൈസൻസും ഉള്ളവരും, ക്രിമിനൽ പശ്ചാത്തലമില്ലാത്തവരും, വ്യക്തികളോട് മാന്യമായി പെരുമാറാൻ കഴിയുന്നവരുമായ ആർക്കും ഈ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകാം.
രജിസ്ട്രേഷനായി യാതൊരുവിധ ഫീസോ മറ്റ് ചാർജുകളോ ഈടാക്കുന്നില്ലെന്നും കമ്പനി അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
https://play.google.com/store/apps/details?id=com.cazcader.app

Leave a Reply

Your email address will not be published. Required fields are marked *