മുഖ്യമന്ത്രിക്കെതിരായ എൽ.ഡി.എഫ്.സമരം ജാള്യത മറക്കാൻ -മുസ്‌ലിം ലീഗ്

പറവൂർ: മുഖ്യമന്ത്രി വി.ഡി.സതീശനെ കള്ളക്കേസിൽ കുടുക്കാനും വ്യക്തിഹത്യ ചെയ്യാനും പിണറായി ഭരണകാലത്ത് നടത്തിയ നീക്കങ്ങൾ വിജിലൻസ് തന്നെ തള്ളിക്കളഞ്ഞതിലെ ജാള്യത മറക്കാനാണ് പുനർജനിയുടെ പേരിൽ സി.പി.എമ്മും എൽ.ഡി.എഫും പറവൂരിൽ സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.നിയമസഭയിൽ ഏതന്വേഷണത്തെ നേരിടാനും തയ്യാറാണെന്ന് വി.ഡി.സതീശൻ പ്രഖ്യാപിച്ചിരുന്നു. പലവട്ടം വിജിലൻസ് അന്വേഷിച്ച് തള്ളിക്കളഞ്ഞിട്ടുള്ളതാണ് പുനർജനി കേസ്.2018ലെ പ്രളയത്തിൽ വലിയ നഷ്ടം സംഭവിച്ച പറവൂർ നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് മതിയായ സഹായങ്ങൾ എത്തിക്കാതെ ദ്രോഹിച്ച സർക്കാരായിരുന്നു പിണറായി വിജയൻ്റേത്. ഈ സമയത്ത് ജനങ്ങളെ ചേർത്ത് നിർത്തി വ്യാപാരികൾക്ക് സാമ്പത്തിക സഹായവും ഉപജീവന മാർഗം നഷ്ടപ്പെട്ടവർക്ക് അത് വീണ്ടെടുക്കാൻ തയ്യൽ മെഷീനുകളടക്കം നൽകി. മുന്നൂറിലധികം പേർക്ക് ഉദാരമതികളുടേയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ അർഹത മാത്രം മാനദണ്ഡമാക്കി വീടുകൾ വെച്ച് നൽകി.എൽ.ഡി.എഫിൻ്റെ ഭീഷണി വകവെക്കാതെ അതിപ്പോഴും തുടരുന്നു മുണ്ട്. പുനർജനി പദ്ധതിയിൽ പണം മുടക്കിയ ഒരാൾക്കും പരാതിയില്ലെന്നിരിക്കേ സി.പി.എമ്മിൻ്റെയും എൽ.ഡി.എഫിൻ്റേയും രാഷ്ട്രീയ ദുഷ്ടലാക്ക് മാത്രമാണ് സമരത്തിന് പിന്നിൽ. എൽ.ഡി.എഫിൻ്റെ വലിയ അപവാദ പ്രചരണത്തെ തള്ളിക്കളഞ്ഞു കൊണ്ടാണ് പറവൂരിലെ ജനങ്ങൾ ആറാം തവണയും അദ്ദേഹത്തെ വിജയിപ്പിച്ചത്. അന്ധമായ രാഷ്ട്രീയ വിരോധം ഉപേക്ഷിച്ച് പറവൂരിൻ്റെ വികസനത്തിൽ സഹകരിക്കാനാണ് എൽ.ഡി.എഫ്.തയ്യാറാകേണ്ടതെന്ന് മുസ്‌ലിം ലീഗ് പറവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എ.അബ്ദുൽ കെരിം, ജനറൽ സെക്രട്ടറി കെ.കെ.അബ്ദുള്ള എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *