അരണ്ണക്കൽ എസ്റ്റേറ്റിൽ കടുവ ഭീതി: എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു

പീരുമേട്: കഴിഞ്ഞ കുറേ നാളുകളായി കടുവ ഭീതിയിൽ കഴിയുന്ന അരണ്ണക്കൽ എസ്റ്റേറ്റ് നിവാസികൾക്ക് ആശ്വാസമേകാൻ ജനപ്രതിനിധികളും വനപാലകരും രംഗത്ത്. കടുവ ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ സ്ഥലം എംഎൽഎ സിറിയക്ക് തോമസിൻ്റെ നേതൃത്വത്തിൽ അടിയന്തര അവലോകനയോഗം ചേർന്നു. എസ്റ്റേറ്റ് തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ആശങ്ക ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എംഎൽഎ നേരിട്ടെത്തി വനപാലകരെ വിളിച്ചുവരുത്തി സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നു.റേഡിയോ കോളർ ഘടിപ്പിച്ച കടുവയാണ് പ്രദേശത്തിറങ്ങിയതെന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ റേഡിയോ കോളറിലെ സിഗ്നൽ തകരാറിലായതിനാൽ കടുവ നിലവിൽ എവിടെയുണ്ടെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് പ്രദേശവാസികളിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പീരുമേട്, എരുമേലി എന്നിവിടങ്ങളിൽ നിന്നുള്ള റാപ്പിഡ് റെസ്പോൺസ് ടീം അരണ്ണക്കൽ എസ്റ്റേറ്റിലും പരിസര പ്രദേശങ്ങളിലും എത്തിയിട്ടുണ്ട്. വനപാലകരുടെ നേതൃത്വത്തിൽ പ്രദേശത്ത് ശക്തമായ റോന്തുചുറ്റലും നിരീക്ഷണവും ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കടുവയെ എത്രയും വേഗം കണ്ടെത്തി ജനങ്ങളുടെ ഭീതി അകറ്റാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി.യോഗത്തിൽ റേഞ്ച് ഓഫീസർ ദിലീപ്, അജയ് ആർ, പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി, പഞ്ചായത്ത് അംഗം നജീബ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *