കോവിഡ് മഹാമാരിക്കാലത്തും മറ്റു കാലയളവുകളിലും സർക്കാർ ആശുപത്രികളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ പൊതുപണം ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ അറിയിച്ചു. സർക്കാർ ആശുപത്രികളിലേക്ക് ഗുണനിലവാരം കുറഞ്ഞ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയെന്ന വിഷയം ഉന്നയിച്ച് എംഎൽഎ അബിൻ വർക്കി നൽകിയ സബ്മിഷന് തിങ്കളാഴ്ച മറുപടി നൽകുകയായിരുന്നു മന്ത്രി.
പൊതുപണം ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ നിലവാരം കുറഞ്ഞവയാണെന്നും ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുകയാണെന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ അറ്റകുറ്റപ്പണികളോ പരിപാലനമോ നടത്താതെ വാറന്റി കാലാവധി അവസാനിച്ചതിനെ തുടർന്ന് പൊതുപണം പാഴാകുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുവഴിയുണ്ടായതെന്നും മന്ത്രി പറഞ്ഞു.
വിഷയം പരിശോധിക്കാൻ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ പ്രത്യേക അന്വേഷണസംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. ഉപകരണങ്ങൾ വാങ്ങേണ്ടതിന്റെ ആവശ്യകത, ഗുണനിലവാരം, പ്രവർത്തനസജ്ജമാക്കുന്നതിലെ കാലതാമസം, ദീർഘകാലം ഉപയോഗിക്കാതിരുന്നതിന്റെ കാരണങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം എന്നിവ സംഘം പരിശോധിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അവ പരിശോധിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
