കൊച്ചി | ചേരാനെല്ലൂരിൽ ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അഡീഷണൽ ജഡ്ജിയുടെ മകനാണ് പതിനേഴുകാരൻ. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടിക്ക് ജാമ്യം ലഭിച്ചത്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന ഉപാധിയോടെയാണ് വിട്ടയച്ചത്. മനഃപൂർവമല്ലാത്ത നരഹത്യയാണ് കുട്ടിക്കുമേൽ ചുമത്തിയിരുന്നത്.
മലപ്പുറം ന്യൂസ്.
ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ് അപകടം. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണൻ എന്ന സ്‌കൂട്ടർ യാത്രികനാണ് മരിച്ചത്.
അമിതവേഗത്തിലെത്തിയ കാർ ജയപാലകൃഷ്ണൻ ഓടിച്ച സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ജയപാലകൃഷ്ണന്റെ സ്‌കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിക്കുകയും ചെയ്തിരുന്നു.
അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ലെന്നാണ് പിടിയിലായ പതിനേഴുകാരൻ പോലീസിന് മൊഴി നൽകിയിട്ടുള്ളതെന്നാണ് വിവരം.
