ഗുരുവായൂർ:അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ചു കയറി എട്ടു പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം സ്വദേശി ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് വെച്ച് ഗുരുവായൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ മേയ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അരിയന്നൂർ പോക്കാക്കില്ലത്ത് ഡോ. അബൂബക്കർ മുഹമ്മദ് റാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുകൾ നിലയിലെ ബാൽക്കണി വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി, അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ടു പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു.
മോഷണത്തിനിടെ പ്രതിയുടെ ദൃശ്യങ്ങൾ വീടിനുള്ളിലെ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ താൻ ഉടൻ പിടിയിലാകുമെന്ന് ഭയന്ന പ്രതി, ദിവസങ്ങൾക്ക് ശേഷം മോഷ്ടിച്ച എട്ടു പവൻ സ്വർണ്ണവും ഒപ്പം ഒരു മാപ്പപേക്ഷാ കത്തും ഡോക്ടറുടെ വീടിന് മുന്നിൽ കൊണ്ടുവെച്ചിട്ട് കടന്നുകളയുകയായിരുന്നു.
സ്വർണ്ണവും കത്തും തിരികെ ലഭിച്ചെങ്കിലും ഗുരുവായൂർ പോലീസ് അന്വേഷണം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോയി. ഒടുവിൽ ഗുരുവായൂർ എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ ചാവക്കാട് വെച്ച് പിടികൂടിയത്.
