സഹൃദയ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ ഉദ്‌ഘാടനം 19 ന്

ആലുവ: എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ ശിശുക്കളിലെ വളർച്ചാ വൈകല്യങ്ങൾ തുടക്കത്തിലേ കണ്ടെത്തുവാനും അനുയോജ്യ തെറാപ്പികളിലൂടെ ഭേദമാക്കാനും ലക്ഷ്യമിട്ട് ഫെഡറൽ ബാങ്ക് ഹോർമീസ് മെമോറിയൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ ചെങ്ങമനാട് പുറയാറിൽ സ്ഥാപിച്ചിട്ടുള്ള സഹൃദയ ഏർലി ഇന്റർവെൻഷൻ ആൻഡ് എംപവർമെൻറ് കേന്ദ്ര- ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ ഉദ്‌ഘാടനം ഫെബ്രുവരി 19 വ്യാഴാഴ്ച നടക്കും. രാവിലെ 11 ന് സ്ഥാപനത്തിന്റെ ആശീർവാദകർമം സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിക്കും. ഫെഡറൽ ബാങ്ക് സോണൽ ഹെഡ് സി. എം. ശശിധരൻ ശിലാഫലകം അനാച്ഛാദനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ. യുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്‌ഘാടനം ചെയ്യും. സി.എം.ശശിധരൻ മുഖ്യപ്രഭാഷണം നടത്തും. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെർലി കപ്രശേരി വെബ് സൈറ്റ് ഉദ്‌ഘാടനം ചെയ്യും. എറണാകുളം – അങ്കമാലി അതിരൂപതാ വികാരി ജനറൽ ഫാ. ആന്റോ ചേരാന്തുരുത്തി ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്യും. കാഞ്ഞൂർ ഫൊറോനാ വികാരി ഫാ. ജോയ് കണ്ണമ്പുഴ, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗായത്രി വാസൻ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ എന്നിവർ സംസാരിക്കും. ജനനം മുതൽ 6 വയസുവരെ പ്രായത്തിനുള്ളിൽ കുഞ്ഞുങ്ങളുടെ വളർച്ചയിലുണ്ടാകുന്ന കാലവിളംബം, ക്രമരാഹിത്യം എന്നിവ കണ്ടെത്തി അനുയോജ്യമായ ഫിസിയോ, ഒക്കുപ്പേഷണൽ, സെൻസറി, സ്പീച്ച്, ഓഡിയോ, ഗാമിഫൈഡ്, സ്‌പെഷ്യൽ തെറാപ്പികളിലൂടെ സാധാരണ നിലയിലേക്ക് ക്രമപ്പെടുത്തുന്നത്തിനുള്ള സൗകര്യങ്ങളാണ് സഹൃദയ വജ്രജൂബിലി സ്മാരകമായി നിർമിക്കുന്ന ഈ സ്ഥാപനം ലക്ഷ്യമിടുന്നത്. തട്ടിൽ ജോർജ്, മേരി ജോർജ് ദമ്പതികളാണ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിന് വേണ്ടിയുള്ള സ്ഥലം സഹൃദയയ്ക്ക് സംഭാവന ചെയ്തത്. സ്ഥാപനനിർമാണത്തിനുള്ള സാമ്പത്തിക സഹായം ഫെഡറൽ ബാങ്ക് ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ നൽകി. ഭിന്നശേഷിക്കാർക്കുള്ള തൊഴിലധിഷ്ഠിത പരിശീലനങ്ങൾ, സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതി പ്രവർത്തനങ്ങളുടെ സംഘാടനം, ചികിത്സാർത്ഥം താമസിക്കുന്നതിനുള്ള സൗകര്യം, സാധാരണക്കാർക്ക് മിതമായ നിരക്കിൽ നവീന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ശാസ്ത്രീയ ചികിത്സയിൽ പ്രാവീണ്യമുള്ളവരും പരിചയസമ്പന്നരുമായവരുടെ സേവനം എന്നിവയും ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ ലഭ്യമാണെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള സഹൃദയയുടെ ക്ഷേമ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നാലുപതിറ്റാണ്ടിലേറെ പാരമ്പര്യമുണ്ട്. സംസ്ഥാന സർക്കാരിന്റേതുൾപ്പടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള നിരവധി മാതൃകാപരമായ ഇടപെടലുകൾ ഭിന്നശേഷിക്കാരുടെ നന്മയ്ക്കായി നടത്താൻ സഹൃദയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതി, ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ മേള, ബ്ലൈൻഡ് വാക്ക്, സ്വാവലംബൻ ഇൻഷുറൻസ് പദ്ധതി, സഹൃദയ മെലഡീസ് , സ്‌പെഷ്യൽ സ്‌കൂളുകളിൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പഠനം എളുപ്പമാക്കുന്ന ഡിജിറ്റലൈസ്‌ഡ്‌ എജുക്കേഷൻ പദ്ധതി തുടങ്ങിയവ സഹൃദയ നടപ്പാക്കിവരുന്നു. അടുത്തകാലത്ത് ന്യൂറോ ഡൈവേർജന്റ് ആയിട്ടുള്ളവർക്കായി ആരംഭിച്ച ഇൻക്ലൂസിസ് ഓർഗ് എന്ന പദ്ധതി വഴി ഐ.ടി. മേഖലയിൽ പരിശീലനം നൽകാനും നിരവധി പേർക്ക് പ്രമുഖ സ്ഥാപനങ്ങളിലും സർക്കാർ മേഖലയിലും ജോലി ലഭ്യമാക്കാനും സാധിച്ചു എന്നുള്ളത് സംസ്ഥാനത്ത് തന്നെ ആദ്യ സംരംഭമാണ്. ഭിന്നശേഷിക്കാർക്കും സമൂഹത്തിൽ സാധാരണ ജീവിതം നയിക്കുവാൻ സാധിക്കുന്ന പരിസരനിർമിതിയാണ് സഹൃദയ ലക്ഷ്യമിടുന്നത്.ജീസ് പി പോൾ മീഡിയ മാനേജർ 8943710720

Leave a Reply

Your email address will not be published. Required fields are marked *