‘മുന്നിൽ വരുന്ന ടിഷ്യു പേപ്പറുകളിൽ ഒപ്പിടാറില്ല, ഫയൽ പരിശോധിച്ച് വിശദാംശങ്ങൾ പഠിച്ചാണ് തീരുമാനം എടുത്തത്’; മറുപടിയുമായി മുഖ്യമന്ത്രി
വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനോട് പത്ത് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട ഫയലുകളും കത്തുകളും പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ രേഖകൾ പരസ്യപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കെഎസ്ഇബി സമർപ്പിച്ച ഹിമാചൽ പ്രൊപ്പോസൽ തള്ളി ജിഎൻഎയുടെ ഓഫർ സ്വീകരിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് പ്രധാന ചോദ്യം. വൈദ്യുതി വകുപ്പ് മന്ത്രിയുടെയും കെഎസ്ഇബിയുടെയും എതിർപ്പ് മറികടന്ന് കരാർ ഉറപ്പിക്കാൻ ശ്രമിച്ചത് ആർക്കുവേണ്ടിയാണെന്നും പിണറായി വിജയൻ ചോദിച്ചു.
ടെൻഡറോ അനുമതിയോ ഇല്ലാതെ സ്വകാര്യ കമ്പനിയുടെ ഓഫർ സ്വീകരിക്കാൻ നിയമത്തിലില്ലാത്ത എന്ത് അധികാരമാണ് മുഖ്യമന്ത്രി ഉപയോഗിച്ചതെന്നും അദ്ദേഹം ചോദിച്ചു. വിപണിയിൽ അഞ്ച് രൂപ നിരക്കിൽ വൈദ്യുതി ലഭ്യമായിരിക്കെ 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാൻ ശ്രമിച്ചതിന്റെ സാഹചര്യം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റെഗുലേറ്ററി കമ്മീഷൻ കരാർ തള്ളിയിട്ടും മുഖ്യമന്ത്രിക്ക് മാത്രം ബോധ്യപ്പെട്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വെറുമൊരു ഡിജിറ്റൽ പ്ലാറ്റ്ഫോം മാത്രമായ ജിഎൻഎയ്ക്ക് സ്വന്തം നിലയിൽ വൈദ്യുതി വിൽക്കാൻ എന്ത് അധികാരമാണുള്ളതെന്നും ചോദ്യം ഉന്നയിച്ചു.
ഓപ്പൺ ടെൻഡറിൽ പങ്കെടുക്കാതെ പിൻവാതിലിലൂടെ കരാർ ഉറപ്പിക്കാൻ ജിഎൻഎ ശ്രമിച്ചത് എന്തിനാണെന്നും കമ്പനി നൽകിയ നിരക്കാണ് ഏറ്റവും കുറഞ്ഞതെന്ന് ഉറപ്പാക്കാൻ സർക്കാർ എന്ത് പരിശോധന നടത്തിയെന്നും അദ്ദേഹം ചോദിച്ചു. കെഎസ്ഇബി ബോർഡ് തള്ളിയ ജിഎൻഎയുടെ ഓഫർ മുഖ്യമന്ത്രി ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രതികരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. വൈദ്യുതി കരാർ സംബന്ധിച്ച് വിശദമായ മറുപടി നൽകിയിട്ടും ഉന്നയിച്ച അതേ ‘ദുരൂഹ’ ആരോപണം പ്രതിപക്ഷ നേതാവ് ഇന്നും ആവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 12.50 രൂപയ്ക്ക് ഹിമാചൽ പ്രദേശ് വൈദ്യുതി നൽകാമെന്ന് പറഞ്ഞതിൻ്റെ രേഖകൾ എവിടെയെന്ന് ചോദിച്ചതിന് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞിട്ടുമില്ല. അതിനാൽ അത്തരമൊരു ഓഫർ ഹിമാചൽ പ്രദേശ് നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന് ബോധ്യപ്പെട്ടെന്ന് കരുതട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിന് രാജസ്ഥാൻ ഒക്ടോബർ 18ന് തീരുമാനിച്ചിരുന്നു. ഒക്ടോബർ 28ന് രാജസ്ഥാൻ റെഗുലേറ്ററി കമ്മീഷന് മുന്നിൽ കരാർ നിർദേശങ്ങൾ എത്തുകയും ചെയ്തു. കെഎസ്ഇബി ശുപാർശയിൽ അന്തിമ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ തൻ്റെ പക്കൽ ഫയൽ വരുന്നത് ഒക്ടോബർ 30നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ഇബി മികച്ചതാണെന്ന് കണ്ടെത്തിയ ഹിമാചൽ പ്രദേശ് വൈദ്യുതി വാങ്ങാത്തത് എന്തെന്ന ചേദ്യം ഇന്നും പ്രതിപക്ഷ നേതാവ് ആവർത്തിക്കുന്നു. അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അങ്ങ് പറയുന്നു. എന്തൊരു വിരോധാഭാസമാണിത്. വൈദ്യുതി പ്രതിസന്ധിയെ കുറിച്ച് കെഎസ്ഇബി തന്നെയാണ് സർക്കാരിനെ അറിയിച്ചതെന്ന് രേഖകൾ ഉദ്ധരിച്ച് താൻ മറുപടി നൽകിയിട്ടും അതേ ആരോപണം പ്രതിപക്ഷ നേതാവ് വീണ്ടും ഉന്നയിക്കുന്നതിലാണ് ദുരൂഹതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
