തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശവുമായി അനിൽ ജഗതി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘അകലം’ സിനിമയുടെ ഓഡിയോ ലോഞ്ചും ഓഡിയോ ലോഞ്ച് ചടങ്ങ് ഉദ്ഘാടനവും ബഹു. കേരള സാംസ്കാരിക, ടൂറിസം സിനിമ മന്ത്രി പിസി വിഷ്ണുനാഥ് നിർവ്വഹിച്ചു.
ലഹരിക്ക് അടിമപ്പെട്ട് യുവജനങ്ങൾ ജീവിതം നശിപ്പിക്കുന്ന ഇക്കാലത്ത്, അതിനെതിരെ ശക്തമായ സന്ദേശം ലക്ഷ്യമിട്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതെന്ന് സംവിധായകൻ അനിൽ ജഗതി സ്വാഗത പ്രസംഗത്തിൽ വ്യക്തമാക്കി.
പ്രശസ്ത ഗായിക എൻ.എൻ. അൻസിയ സ്വരമാധുര്യം നൽകി മനോഹരമാക്കിയ “വേണ്ട ഇത് വേണ്ട, ലഹരി നുണയൽ വേണ്ട…” എന്ന ടൈറ്റിൽ സോങ് ആണ് മന്ത്രി ചടങ്ങിൽ ലോഞ്ച് ചെയ്തത്.
തുടർന്ന് സംസാരിച്ച മന്ത്രി, ‘കലാകാരന്മാർ കഷ്ടപ്പെട്ട് നിർമ്മിച്ച് തിയറ്ററുകളിൽ എത്താൻ ബുദ്ധിമുട്ടുന്ന സിനിമകൾ പ്രദർശിപ്പിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്നും പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്ന് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർനാഷണൽ ഫിലിം, ഷോർട്ട് ഫിലിം, ഡോക്യുമെൻ്ററി ഫിലിം ഫെസ്റ്റിവലുകൾക്ക് സിറ്റിയിൽ സ്ഥലം കണ്ടെത്തി തിയേറ്റർ സമുച്ചയം പണിയുമെന്നും, ഫെസ്റ്റിവൽ കഴിഞ്ഞതിനു ശേഷം, റിലീസിന് ബുദ്ധിമുട്ടുന്ന നല്ല സിനിമകൾ പ്രദർശിപ്പിക്കാൻ ഈ തിയേറ്റർ കോംപ്ളക്സ് അനുവദിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കെ ഡി ഒ ചെയർമാനും ആർ ജെ ഡി നാഷണൽ ജനറൽ സെക്രട്ടറിയുമായ നൗഷാദ് തോട്ടുങ്കര ചടങ്ങിൽ അധ്യക്ഷനായിരുന്നു. മുൻ എംഎൽഎയും തിരുവനന്തപുരം മുൻ മേയറുമായ വി.കെ. പ്രശാന്ത് വിശിഷ്ടാതിഥിയായിരുന്നു. ഫിലിം ജേർണലിസ്റ്റ്, ഫിലിം പിആർഒ അജയ് തുണ്ടത്തിൽ, വിജയൻ മുരുക്കുംപുഴ, മുജീബ് റഹ്മാൻ, ഡോ. ഷിബു ജയരാജ്, സുനിൽ മോഹൻ, സാദിഖ്, രാജശ്രീ ടീച്ചർ, സുരേഷ് ആറ്റിങ്ങൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റെജി പേരൂർക്കട നന്ദി രേഖപ്പെടുത്തി.
