ഖത്തർ എരിയാൽ കമ്മ്യൂണിറ്റി ഫോറം ക്രിക്കറ്റ് പ്രീമിയർ ലീഗും കുടുംബസംഗമവും സംഘടിപ്പിച്ചു; കുളങ്കര സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാർ.

ദോഹ: എരിയാൽ കമ്മ്യൂണിറ്റി ഫോറം ഖത്തർ (ECFQ) സംഘടിപ്പിച്ച എരിയാൽ പ്രീമിയർ ലീഗ് (EPL) ക്രിക്കറ്റ് ടൂർണമെന്റും കുടുംബസംഗമവും ആവേശകരമായ പങ്കാളിത്തത്തോടെ നടന്നു. ടൂർണമെന്റിൽ കുളങ്കര സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായി. ബല്ലീർ ബ്ലാസ്റ്റേഴ്സ് റണ്ണേഴ്സ് അപ്പായി.

ഗറാഫയിലെ പേർലിംഗ് ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഖത്തറിലെ എരിയാൽ സ്വദേശികളും കുടുംബാംഗങ്ങളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. നാല് ടീമുകൾ മാറ്റുരച്ച ക്രിക്കറ്റ് ടൂർണമെന്റിലെ മത്സരങ്ങൾ മികച്ച ആവേശത്തിനും കായിക പോരാട്ടങ്ങൾക്കും വേദിയായി.
ടൂർണമെന്റിലെ മികച്ച താരമായി സഫ്‌വാൻ എരിയാലിനെ തെരഞ്ഞെടുത്തു. മികച്ച ബാറ്റ്സ്മാനായി അൻവറും മികച്ച ബൗളറായി ജാഫർ കല്ലങ്കാടിയും തെരഞ്ഞെടുക്കപ്പെട്ടു.

ചാമ്പ്യന്മാരായ കുളങ്കര സ്ട്രൈക്കേഴ്സിനുള്ള ട്രോഫി ഹാരിസ് എരിയാൽ വിതരണം ചെയ്തു. റണ്ണേഴ്സ് അപ്പായ ബല്ലീർ ബ്ലാസ്റ്റേഴ്സിനുള്ള ട്രോഫി ജാഫർ കല്ലങ്കാടി സമ്മാനിച്ചു. വ്യക്തിഗത മികവ് പുലർത്തിയ താരങ്ങൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.
കായിക മത്സരങ്ങൾക്കൊപ്പം ലഹരിക്കെതിരെ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ വിനോദ മത്സരങ്ങളും ഗെയിമുകളും ഒരുക്കിയിരുന്നു. കുട്ടികളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തം കുടുംബസംഗമത്തിന് കൂടുതൽ നിറവും ആവേശവും പകർന്നു.

കായിക വിനോദത്തിലൂടെ എരിയാൽ പ്രവാസികൾക്കിടയിലെ സൗഹൃദവും ഐക്യവും കുടുംബബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി വലിയ വിജയമായി. കായികവും കുടുംബസൗഹൃദവും സാമൂഹിക ബോധവത്കരണവും ഒത്തുചേർന്ന സംഗമം പങ്കെടുത്തവർക്ക് മറക്കാനാവാത്ത അനുഭവമായി.

പരിപാടിയുടെ വിജയത്തിനായി അബ്ദുൽ റഹിമാൻ എരിയാൽ, അൽത്താഫ് ചെറങ്ങായി, അൻസാർ എരിയാൽ, ഹാരിസ് മഹിൻ, സഫ്‌വാൻ എരിയാൽ, നൗഷാദ് സിദ്ദിഖട്ടെ, അൻവർ എരിയാൽ, സാദത്ത് കുളങ്കര, അജ്മൽ റോഷൻ, തൗഫീഖ് ബി.എം, റംഷീദ് എരിയാൽ, ഹനീഫ് സൂപ്പിക്കുട്ടി, ഇഖ്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *