കോഴിക്കോട്: സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാർക്കും ഐസിഡിഎസ് സൂപ്പർവൈസർമാർക്കും പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങാൻ വനിതാ ശിശുവികസന വകുപ്പ്. 41.64 കോടി രൂപ ചെലവിൽ 35,291 ഫോണുകൾ വാങ്ങാനാണ് തീരുമാനം. മിഷൻ സക്ഷം അങ്കണവാടി ആൻഡ് പോഷൺ 2.0 പദ്ധതിയുടെ പ്രവർത്തനങ്ങൾ പഴയ ഫോണുകളുടെ തകരാറിനെ തുടർന്ന് തടസ്സപ്പെട്ട സാഹചര്യത്തിലാണ് നടപടി. 2017ൽ വിതരണം ചെയ്ത ഫോണുകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായതോടെ പോഷൺ ട്രാക്കർ ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ അവതാളത്തിലായിരിക്കുകയാണ്. പല ജീവനക്കാരും സ്വന്തം ഫോണിൽ സർക്കാർ നൽകിയ സിം കാർഡ് ഉപയോഗിച്ചിട്ടും പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ കഴിയാത്ത സാഹചര്യമാണ്. സേവനങ്ങളുടെ തത്സമയ നിരീക്ഷണം, പോഷൺ ട്രാക്കർ ആപ്പിലെ വിവരശേഖരണം, കുട്ടികളുടെ വളർച്ചാ നിരീക്ഷണം, ഡിജിറ്റൽ രേഖകളുടെ സൂക്ഷിപ്പ് തുടങ്ങിയവയ്ക്കാണ് ഫോണുകൾ ഉപയോഗിക്കുന്നത്. ഇതിനായി സർക്കാർ പ്രത്യേക സിം കാർഡും ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. പുതുതായി വാങ്ങുന്ന ഫോണുകളിൽ 33,120 എണ്ണം അങ്കണവാടി വർക്കർമാർക്കും 1,327 എണ്ണം ഐസിഡിഎസ് ലേഡി സൂപ്പർവൈസർമാർക്കും 152 എണ്ണം ബ്ലോക്ക് കോ-ഓർഡിനേറ്റർമാർക്കുമാണ് നൽകുക. അധികശേഖരമായി 692 ഫോണുകളും സൂക്ഷിക്കും. നികുത ഉൾപ്പെടെ ഒരു ഫോണിന് 11,800 രൂപ ചെലവഴിക്കാനാണ് അനുമതി. നേരത്തേ 7,500 രൂപ വിലയുള്ള ഫോണുകളായിരുന്നു വാങ്ങിയിരുന്നത്. പദ്ധതിയുടെ ചെലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60:40 അനുപാതത്തിൽ വഹിക്കും.
അങ്കണവാടി ജീവനക്കാർക്ക് പുതിയ സ്മാർട്ട്ഫോണുകൾ; 41.64 കോടി രൂപ ചെലവഴിക്കാൻ സർക്കാർ
