തിരുവനന്തപുരം : കോവളം കവികൾ സ്മാരകം ഏർപ്പെടുത്തിയ കോവളം കവികൾ സാഹിത്യ പുരസ്കാരം ഭാഷാപണ്ഡിതൻ ഡോ.വി എസ് ശർമ്മയ്ക്ക് മന്ത്രി പി. സി വിഷ്ണുനാഥ് സമ്മാനിച്ചു.
കോവളം കവികൾ സ്മാരകം വിനോദസഞ്ചാര , സാംസ്കാരിക സർക്യൂട്ടിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ടൂറിസം വികസനത്തിൽ സാംസ്കാരിക ടൂറിസത്തിന് വലിയ പങ്കാണുളളത്. ടൂറിസം കേന്ദ്രമെന്ന നിലയിൽ കോവളത്തിനും വലിയ പ്രാധാന്യമുണ്ട്. കോവളം കവികൾ സ്മാരകം ടൂറിസവുമായി ബന്ധപ്പെടുത്തുന്ന ചർച്ചകൾ വൈകാതെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
രാമകഥപ്പാട്ടിൻ്റെ പദാനുപദ സൂചിക തയ്യാറാക്കിയതുൾപ്പെടെയുള്ള സാഹിത്യരചനകൾ കണക്കിലെടുത്താണ് പുരസ്കാരം നൽകിയത്. 11, 111 രൂപയും ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
കോവളം കവികൾ സ്മാരക സമിതി ചെയർമാൻ വിനോദ് വൈശാഖി അധ്യക്ഷത വഹിച്ചു. ഡോ. എം ആർ തമ്പാൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. വി എസ് ശർമ്മ മറുപടി പ്രഭാഷണം നടത്തി.
അജിത് വെണ്ണിയൂർ, കാരയ്ക്കാമണ്ഡപം വിജയകുമാർ, എ ജെ സുക്കാർണോ, അഡ്വ. ആർ വിനായകൻ നായർ, കോവളം രാധാകൃഷ്ണൻ, ജഗദീഷ് കോവളം, സതീഷ് കിടാരക്കുഴി എന്നിവർ സംസാരിച്ചു.
ചിത്രവിവരണം : കോവളം കവികൾ സ്മാരകം ഏർപ്പെടുത്തിയ കോവളം കവികൾ സാഹിത്യ പുരസ്കാരം ഡോ. വി എസ് ശർമ്മയ്ക്ക് മന്ത്രി പി സി വിഷ്ണുനാഥ് സമ്മാനിക്കുന്നു.
