വാഷിംഗ്ടൺ ഡിസി: ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനും ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ടും ചർച്ചകൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും സമാധാനക്കരാറിന്റെ ആദ്യഘട്ടം ഈ ആഴ്ച പൂർത്തിയാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് . തന്റെ സമാധാനപദ്ധതി ലക്ഷ്യമിടുന്നതുപോലെ, ഗാസയുടെ അധികാരവും നിയന്ത്രണവും ഹമാസ് വിട്ടുകൊടുക്കാൻ തയാറായില്ലെങ്കിൽ “പൂർണഉന്മൂലനം’ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് പരാമർശങ്ങൾ. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ ഇന്ന് ഗാസ സമാധാന ചർച്ചകൾ ആരംഭിക്കും. ഇസ്രയേൽ, ഹമാസ്, അമേരിക്ക, ഈജിപ്ത്, ഖത്തർ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുക. ഗാസ വെടിനിർത്തലിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ഇരുപതിന പദ്ധതി സംബന്ധിച്ച് അവശേഷിക്കുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കലാണു ചർച്ചയുടെ ലക്ഷ്യം. പദ്ധതി പ്രകാരം, കസ്റ്റഡിയിൽ അവശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കാനും ഗാസാ ഭരണം സ്വതന്ത്ര സമിതിക്കു കൈമാറാനും തയാറാണെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഹമാസ് ആയുധം വെടിയണം എന്ന നിർദേശത്തിൽ പ്രതികരണം നല്‍കിയിട്ടില്ല. ഹമാസിനെ നിരായുധീകരിക്കണം എന്ന ആവശ്യത്തിൽ ഒരുവിധ വിട്ടുവീഴ്ചയ്ക്കും ഇസ്രയേൽ തയാറല്ല. വെടിനിർത്തൽ പദ്ധതിയിൽ ഹമാസിന്റെ ഭാഗത്തുനിന്നു താമസം ഉണ്ടാകുന്നത് അനുവദിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബന്ദിമോചനം അടക്കമുള്ള വിഷയങ്ങളിലെ ഹമാസിന്റെ അനുകൂല നിലപാടുകൾ വെടിനിർത്തലിലേക്കു നയിക്കുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ഇന്ന് കയ്റോയിൽ ചർച്ചയാരംഭിക്കുന്നത്. ഗാസയിൽനിന്നുള്ള ഇസ്രേലി സേനാ പിന്മാറ്റത്തിനു കൃത്യമായ സമയപദ്ധതി വേണമെന്ന് ഹമാസ് ചർച്ചയിൽ ആവശ്യപ്പെടുമെന്നാണു റിപ്പോർട്ട്. ചർച്ചകളിൽ പുരോഗതി ഉണ്ടായിട്ടും, ഗാസയിൽ ഇസ്രയേലിന്റെ വ്യോമ, കര ആക്രമണങ്ങൾ ഇന്നലെയും തുടർന്നു . തെക്കൻ മേഖലയിൽ സഹായം തേടിയ നാല് പേരും ഗാസ സിറ്റിയിൽ നടന്ന വ്യോമാക്രമണത്തിൽ അഞ്ച് പേരും ഉൾപ്പെടെ കുറഞ്ഞത് 19 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഒട്ടേറെ പാർപ്പിട കേന്ദ്രങ്ങൾ നശിപ്പിച്ചു. ഹമാസ് വെടിനിർത്തൽ നിർദേശം അംഗീകരിച്ച പശ്ചാത്തലത്തിൽ ഇസ്രയേൽ ഗാസയിലെ ആക്രമണം നിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Related Posts
കിളിമാനൂർ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം
തിരുവനന്തപുരം: കിളിമാനൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് മറിഞ്ഞത്.അപകടത്തിൽ പരുക്കേറ്റ കുട്ടികളെ കടയ്ക്കലിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ…
ഗുണനിലവാരമില്ലാത്ത സോപ്പ് വിറ്റ കമ്പനിക്ക് പിഴ
കോട്ടയം: ഗുണനിലവാരമില്ലാത്ത സോപ്പ് വിറ്റതിന് സെബാമെഡ് സോപ്പ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്. സോപ്പിന്റെ വിലയായ 540 രൂപയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ…
ലാറ്റക്സ് ഫാക്ടറിക്കെതിരെ പ്രതിഷേധം
കടുത്തുരുത്തി: ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്ന് ലാറ്റക്സ് ഫാക്ടറിക്കെതിരെ പ്രതിഷേധ സമരം നടത്തി നാട്ടുകാര്‍. കടുത്തുരുത്തി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നീരാക്കല്‍ ലാറ്റക്സ് ഫാക്ടറിക്കെതിരെ കിലോമീറ്ററുകള്‍ പദയാത്രയായെത്തിയ…
