സ്വീകരണമൊരുക്കി നാട്ടുകാരും യാത്രക്കാരുംവൈക്കം റോഡില്‍ പരശുറാം എക്‌സ്പ്രസിന് സ്‌റ്റോപ്പ് യാഥാര്‍ഥ്യമായി

കോട്ടയം:കടുത്തുരുത്തി ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ പുതുതായി സ്‌റ്റോപ്പ് അനുവദിച്ച പരശുറാം എക്‌സ്പ്രസിന് ഉത്സവാന്തരീക്ഷത്തില്‍ നാട്ടുകാരുടെ വരവേല്‍പ്പ്.മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകാനായി ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പരശുറാം എക്‌സ്പ്രസ്സ് വൈക്കം റോഡില്‍(ആപ്പാഞ്ചിറ) എത്തിച്ചേര്‍ന്നപ്പോള്‍ പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തു നാട് ആഹ്ലാദം പങ്കിട്ടു. അവിടെ നിന്നും പരശുറാമിന്റെ തുടര്‍യാത്രക്ക് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.ഏറെനാളത്തെ ആവശ്യത്തിനൊടുവില്‍ പരശുറാമിന് സ്‌റ്റോപ്പ് ലഭിച്ച ആഹ്ലാദത്തില്‍ പൗരസമിതി പ്രവര്‍ത്തകരും റെയില്‍വേ യൂസേഴ്‌സ് ഫോറം ഭാരവാഹികളും നാട്ടുകാരും ഒത്തുചേര്‍ന്ന് ഉത്സവാന്തരീക്ഷമാണ് വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ഒരുക്കിയത്.ഒന്നാം നമ്പര്‍ ഫ്‌ലാറ്റ് ഫോമില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ നടന്ന യോഗം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.റെയില്‍വേയില്‍ വലിയ മാറ്റം വരികയാണെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗതയുള്ള ട്രെയിനുകള്‍ ഓടിക്കാന്‍ ആണ് തീരുമാനം . അത് കൂടുതല്‍ യാത്രക്കാര്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ നിലവിലുള്ള ട്രെയിനുകള്‍ പരമാവധി സ്‌റ്റേഷനുകളില്‍ നിര്‍ത്തി അതിവേഗ ട്രെയിനുകളിലേക്ക് യാത്രക്കാര്‍ക്ക് കണക്ഷന്‍ കിട്ടുന്ന രീതിയില്‍ ക്രമപ്പെടുത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ദിവ്യകാന്ത് ചന്ദ്രകര്‍, സീനിയര്‍ ഡിസിഎം വൈ.സെല്‍വന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെസ്സി കുര്യന്‍, സ്റ്റീഫന്‍ പാറവേലി, നോബി മുണ്ടക്കല്‍, ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ലാല്‍, ഡിആര്‍യുസിസി മെമ്പറും ഓള്‍ കേരള റെയില്‍വേ യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ജെ. പോള്‍ മാന്‍വെട്ടം, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, വൈക്കം റോഡ് യൂസേഴ്‌സ് ഫോറം പ്രസിഡന്റ് വിനോദ്കുമാര്‍ വൈക്കം, ബിജെപി മണ്ഡലം പ്രസിഡന്റ് അശ്വന്ത് മാമലശേരില്‍, ആപ്പാഞ്ചിറ പൗരസമിതി സെക്രട്ടറി അബ്ബാസ് നടയ്ക്കമ്യാലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *