ഹോർമുസ് കടലിടുക്ക് സംബന്ധിച്ച ചർച്ചകൾ നിർണായക ഘട്ടത്തിൽ: ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ്

ദോഹ: ഹോർമുസ് കടലിടുക്ക് സംബന്ധിച്ച ചർച്ചകൾ നിർണായക ഘട്ടത്തിലാണെന്നും ഒമാനും ഇറാനും തമ്മിൽ നടക്കുന്ന ചർച്ചകളിൽ പുരോ​ഗതിയുണ്ടെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ്. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ഇരുവിഭാഗങ്ങളും തമ്മിൽ സമാധാന കരാറിലെത്താനുമുള്ള ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി പറഞ്ഞു.മധ്യസ്ഥരെന്ന നിലയിൽ ഖത്തറിന്റെ പ്രധാന ലക്ഷ്യം ഹോർമുസ് കടലിടുക്ക് എത്രയും വേഗം വീണ്ടും തുറക്കുക എന്നതാണ്. ഇക്കാര്യത്തിൽ ഉണ്ടാകുന്ന ഏത് കാലതാമസവും ആശങ്കയുണ്ടാക്കുന്നതാണ്. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിനെ പൂർവ്വസ്ഥിതിയിലാക്കുകയും സ്വാതന്ത്ര കപ്പൽഗതാഗതം ഉറപ്പാക്കുകയും വേണം. ഗൾഫ് രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ ഏകകണ്ഠമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.പ്രതിവാര വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് സമാധാന -മധ്യസ്ഥ ശ്രമങ്ങളുടെ പുരോഗതി അദ്ദേഹം പങ്കുവെച്ചത്. മേഖലയുടെ സുരക്ഷ എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും ഇതിനായി പരസ്പര സഹകരണവും ഏകോപനവും ആവശ്യമാണെന്നും ഡോ. മാജിദ് കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് രാഷ്ട്രീയ സമ്മർദത്തിനോ വിലപേശലിനോ ഉള്ള ഉപാധിയാക്കരുതെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *