പകർച്ചവ്യാധികൾക്കെതിരെ പടപൊരുതാൻ ചിറ്റാറ്റുകരയിൽ ആരോഗ്യഭേരി

പറവൂർ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, രോഗനിരീക്ഷണം, രോഗനിയന്ത്രണം എന്നിവയുടെ സമഗ്രത ഉറപ്പാക്കുന്നതിനായി ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തും ചിറ്റാറ്റുകര കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന ‘ആരോഗ്യഭേരി’ കർമപദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. കെ. സാബു നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ഐ. നിഷാദ് അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. മഞ്ജു കെ. എസ്. മുഖ്യപ്രഭാഷണം നടത്തി. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു ഭാസ്കർ, ഗ്രാമപഞ്ചായത്തംഗങ്ങളായ, അനിരുദ്ധൻ.സി.സി, ശൈലജ കെ. ബി., ഹെഡ് ക്ലർക്ക് ജോജോ കെ. കെ. എന്നിവർ ആശംസകൾ അർപ്പിച്ചു.പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ പി. ജി. ആന്റണി, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലെ ഫീൽഡ് അസിസ്റ്റന്റ് ബഷീർ കെ. എ., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ സാഗർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.പബ്ലിക് ഹെൽത്ത് നഴ്സ് ശോഭ വി. വി., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മിൽട്ടൺ കെ., ദീപ്തി ദിലീപൻ , നഴ്സുമാരായ സ്മിത കെ. എ., പൂജ വി. പി., അഞ്ജന ജെയ്മോൻ, ബിൻസി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.ഡെങ്കിപ്പനി, മലമ്പനി, വെസ്റ്റ് നൈൽ പനി തുടങ്ങിയ കൊതുകുജന്യ രോഗങ്ങളുടെ നിയന്ത്രണത്തിനായി ഉറവിടനശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കുക, രോഗനിരീക്ഷണ-രോഗനിയന്ത്രണ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുക, ജലജന്യ-ആഹാരജന്യ രോഗങ്ങളുടെ നിയന്ത്രണത്തിൽ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയവയാണ് ആരോഗ്യഭേരി പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.വാർഡ് തലത്തിലുള്ള ആരോഗ്യ, ശുചിത്വ, പോഷണ സമിതികളുടെ നിലവിലെ പ്രവർത്തനങ്ങൾ കൂടുതൽ ക്രിയാത്മകമാക്കുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും സ്ഥാപനങ്ങളുടെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഏകോപിതമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *